മൂതിക്കയം ബ്രിഡ്ജ് അപ്രോച്ച് റോഡ്: സർവ്വകക്ഷി യോഗം ചേർന്നു

പട്ടാമ്പി: മൂതിക്കയം ആർ സി .ബി അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ത്വരിതപ്പെടുത്താൻ മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. മൂർക്കനാട് – തിരുവേഗപ്പുറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ തിരുവേഗപ്പുറ പഞ്ചായത്തിന്റെ ഭാഗത്ത് നിർമ്മിക്കേണ്ടതായ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. റഗുലേറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതിനു മുമ്പു തന്നെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള , അപ്രോച്ച് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അപ്രോച്ച് റോഡ് യഥാർത്ഥ്യമായെങ്കിൽ മാത്രമെ തടയണയുമായി ബന്ധപ്പെട്ട മുഴുവൻ പ്രയോജനവും ജനങ്ങൾക്ക് ലഭിക്കു കയുള്ളൂ. തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ എം. ടി. മുഹമ്മദലി, വാർഡ് മെമ്പർ എം. രാധാകൃഷ്ണൻ, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ അനിൽ കുമാർ മാസ്റ്റർ, കെ. പരമേശ്വരൻ, പി. ഉമ്മർ, എം. മുകുന്ദൻ, അഫ്സൽ, എം. നാരായണൻ, മധുസൂദനൻ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം സ്ഥലം വിട്ടു നൽകേണ്ട ആളുകളെ നേരില്‍ കണ്ട്‌ സംസാരിക്കാന്‍ തീരുമാനിച്ചു.