തെരുവുവിളക്കുകത്താൻ ഇനിയും കാത്തിരിക്കണം


— സനോജ് പറളി —
ഒറ്റപ്പാലം:കുളപ്പുള്ളി പാതയിലെ ഒരു പതിറ്റാണ്ടായി പ്രകാശിക്കാത്ത തെരുവുവിളക്കുകൾ കത്താൻ ഇനിയും കാത്തിരിക്കണം പൊതുമരാമത്ത് വകുപ്പ് പിന്‍മാറി 360 തെരുവുവിളക്കുകൾ പ്രകാശിക്കാൻ വൈകും. സ്ഥാപിച്ച് 11 വർഷമായിട്ടും ഒരുതവണപോലും പ്രകാശിക്കാത്ത പാലക്കാട്- കുളപ്പുള്ളി പാതയിലെ 360 തെരുവുവിളക്കുകൾ പ്രകാശിപ്പിക്കൽ ഇനിയും വൈകും. നേരത്തേ പദ്ധതിരേഖ സമർപ്പിക്കാൻ നിയോഗിച്ചിരുന്ന പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗത്തെ ഇതിൽനിന്ന് മാറ്റി, പാലക്കാട്-കുളപ്പുള്ളി പാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളെല്ലാം കൂടിച്ചേർന്ന് പദ്ധതിരേഖ തയ്യാറാക്കാനാണ് തീരുമാനം. പദ്ധതിരേഖ കൂട്ടായി തയ്യാറാക്കി നടപ്പാക്കേണ്ട സാഹചര്യംവരുന്നതോടെ ഒരു പതിറ്റാണ്ടായി പ്രകാശിക്കാത്ത തെരുവുവിളക്കുകൾ കത്താൻ ഇനിയും കാത്തിരിക്കണമെന്ന സ്ഥിതിയാണ്.

പാലക്കാട് സ്റ്റേറ്റ് ബാങ്ക് ജങ്ഷൻമുതൽ കുളപ്പുള്ളിവരെ 45 കിലോമീറ്റർ ദൂരമുള്ള പാതയിൽ 360 തെരുവുവിളക്കുകളാണുള്ളത്. പാതയുടെ നിർമാണത്തിനൊപ്പം സ്ഥാപിക്കപ്പെട്ട വിളക്കുകളുടെ പരിപാലനവും വൈദ്യുതിബില്ലും ആരുവഹിക്കുമെന്ന തർക്കത്തെത്തുടർന്നാണ് 11 വർഷത്തിലേറെയായി പ്രവർത്തിക്കാതിരുന്നത്. പാതയിൽ അപകടങ്ങൾ കൂടുതലാണെന്നും ഇതിലേറെയും രാത്രിയിലാണ് സംഭവിക്കുന്നതെന്നും മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരുന്നു. മിക്ക അപകടങ്ങൾക്കും കാരണം റോഡിൽ വെളിച്ചമില്ലെന്നതാണെന്നും റിപ്പോർട്ടുണ്ടായിരുന്നു, ഇത് റോഡുസുരക്ഷാ കൗൺസിൽ പരിശോധിക്കുകയും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. അന്ന് പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗത്തിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധനയും നടത്തി. തുടർന്ന്, പദ്ധതിരേഖ തയ്യാറാക്കാനും പൊതുമരാമത്ത് വകുപ്പിനോട് റോഡ് സുരക്ഷാ അതോറിറ്റി നിർദേശിച്ചു,

എന്നാൽ, ഇത്രയും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ ഒരുകോടിയിലേറെ രൂപ ചെലവുവരുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന് പകരം തദ്ദേശസ്ഥാപനങ്ങൾ മുഖാന്തരം നടപ്പാക്കാൻ തീരുമാനിച്ചത്.

തെരുവുവിളക്കുകളുടെ പരിപാലനച്ചെലവിന്റെ പേരിൽ വിവിധവകുപ്പുകൾ തർക്കിച്ചുപിരിഞ്ഞ് ഇല്ലാതായ പദ്ധതിയാണ് വീണ്ടും വീണ്ടും എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ചെയ്യാൻ നിർദേശിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം.