കൃഷിയിറക്കി… കാട്ടുപന്നികളുമെത്തി

കുളപ്പുള്ളി : കൃഷിയോടുള്ള ഇഷ്ടം… ഇത്തവണയെങ്കിലും നല്ലവിളവ് ലഭിക്കുമെന്ന പ്രതീക്ഷ… ഇങ്ങനെ കൃഷിയിറക്കിയതാണ് മനിശ്ശീരിയിലെയും കണയത്തെയും കർഷകർ. പക്ഷേ, തുടക്കത്തിൽത്തന്നെ നഷ്ടങ്ങളുടെ കണക്കാണ് കർഷകർക്ക് പറയാനുള്ളത്.

പാടമെല്ലാം ഉഴുതുമറിച്ച് വരമ്പെല്ലാം വൃത്തിയാക്കി ഞാറുപാകി മുളച്ചുവന്നതാണ്. പക്ഷേ, അപ്പോഴേക്കും എത്തി കാട്ടുപന്നികൾ. മുളച്ചുതുടങ്ങിയ ഞാറുകളും പുതിയതായി വെച്ച വരമ്പുകളുമെല്ലാം കുത്തിനശിപ്പിച്ചിരിക്കയാണിവ. കർഷകരുടെ പ്രതീക്ഷയുടെ മേലാണ് കാട്ടുപന്നികളുടെ ഈ വിളയാട്ടം. മനിശ്ശീരി പാടശേഖരത്തിൽ ആച്ചത്ത് ബേബിയുടെ 15പറ വിത്തുപാകിയതിൽ 12 പറയുടെ വിത്തും നശിപ്പിച്ചു.

വാഴയിൽ ഭാസ്‌കരൻ, മങ്ങാട്ട് പുഷ്പ, കിഴക്കെ ആച്ചത്ത് ബാലൻ തുടങ്ങിയവരുടെ ഞാറുകളും കാട്ടുപന്നികൾ നശിപ്പിച്ചു. കുളപ്പുള്ളി കണയം പാടശേഖരത്തിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇറക്കിയ ഒന്നരയേക്കറിലേക്കുള്ള ഞാറ്റടിയാണ് കാട്ടുപന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. ഇതിനുപുറമെയാണ് ഇവിടെയും പാടവരമ്പുകൾ കുത്തി നശിപ്പിക്കുന്നത്. കാട്ടുപന്നിക്കൂട്ടങ്ങൾ പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവാകുകയാണ്. ഇരുട്ടുവീണാലാണ് കാട്ടുപന്നികൾ പാടങ്ങളിലേക്ക് എത്തുന്നത്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലണമെന്നതാണ് കർഷകരുടെ ആവശ്യം.

ഇതുകൂടാതെ പ്രദേശങ്ങളിലെ വീട്ടുവളപ്പുകളിൽ കൃഷിചെയ്തിട്ടുള്ള ചേന, ചേമ്പ്, മരച്ചീനി തുടങ്ങിയ കാർഷികവിളകളും വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഇറങ്ങുന്ന പന്നിക്കൂട്ടംകാരണം ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാൻകഴിയാത്ത സ്ഥിതിയുമുണ്ട്. കാട്ടുപന്നികൾ, കളകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവമൂലം കൃഷിയിറക്കി നഷ്ടങ്ങളിൽനിന്ന് നഷ്ടങ്ങളിലേക്കായതോടെ കൂടുതൽ നെൽക്കർഷകരും ഒന്നാംവിളയിൽ നിന്ന് പിൻമാറിയിരുന്നു. കൃഷിയോടുള്ള സ്‌നേഹംമൂലമാണ് പലരും ഒരുവിളയെങ്കിലും കൃഷിയിറക്കുന്നതിന് തയ്യാറാകുന്നതെന്ന് കർഷകർ പറഞ്ഞു.