വായനശാലകൾ ഗ്രാമത്തിൻ്റെ സാംസ്കാരിക കേന്ദ്രങ്ങളാകണം: മന്ത്രി എം.ബി.രാജേഷ്

ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന വായനശാലകൾ, നിഷ്കളങ്ക ഗ്രാമത്തിൻ്റെ മുഖമാണെന്നും ഒരുമയുടേയും, സ്നേഹത്തിൻ്റെയും സന്ദേശങ്ങൾ നൽകുന്ന സാംസ്കാരിക സ്ഥാപനങ്ങൾ നാടിൻ്റെ ഐശ്വര്യമാണെന്നും മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു.

നാഗലശ്ശേരി മതുപ്പുള്ളി സഹൃദയ വായനശാല ഓണോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരെയും, കലാ- കായിക പ്രതിഭകളേയും ചടങ്ങിൽ അനുമോദിച്ചു.
മന്ത്രിയായതിന് ശേഷം മണ്ഡലത്തിൽ എത്തിയ മന്ത്രി രാജേഷിന് സഹൃദയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.

നൂറ് കണക്കിന് കർഷകരും, അമ്മമാരും, കുട്ടികളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ പഞ്ചവാദ്യം, വിവിധ വേഷങ്ങൾ, നാടൻ കലകൾ എന്നിവ ഉണ്ടായിരുന്നു. വാദ്യമേളങ്ങളോടുകൂടിയ വർണാഭമായ ഘോഷയാത്ര മതുപ്പുള്ളി പെരിങ്ങോട് ഗ്രാമത്തിലെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വായനശാലാ പ്രസിഡൻ്റ് സി.മൂസ അദ്ധ്യക്ഷനായി. മന്ത്രിയെ കലാമണ്ഡലം ചന്ദ്രൻ, ഹനീഫ, ഹൈദരലി എന്നിവർ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ഗ്രാമത്തിലെ പ്രധാന തെങ്ങുകയറ്റ തൊഴിലാളിയായ കെ.പരമേശ്വരൻ, സംയോജിത വനിതാ കർഷകരായ അജിത ഉണ്ണികൃഷ്ണൻ, കെ.സാവിത്രി, ക്ഷീര കർഷകരായ എം.ചന്ദ്രൻ, എം.കെ.റസാഖ്, എം.കെ.സൈതലവി, കെ.കെ.അയമുട്ടി, എം.സുബ്രഹ്മണ്യൻ, ബോക്സിങ്ങ് വിജയി ആസിംഹമൽ, അക്ഷരലക്ഷ്മി, ഐഷാ നസ്റിൻ എന്നിവരെയാണ് മന്ത്രി ഉപഹാരം നൽകി ആദരിച്ചത്.

കർഷകർക്ക് കാർഷികോപകരണങ്ങളുടെ വിതരണോദ്ഘാടനം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹ്റ നിർവ്വഹിച്ചു. തിരുമിറ്റക്കോട് പഞ്ചായത്ത് അംഗം കെ.വി മൊയ്തുണ്ണി, ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ വി.പി.ഐദ്രു, നാഗലശ്ശേരി ലൈബ്രറി നേതൃസമിതി കൺവീനർ പി.വി കുട്ടിനാരായണൻ, വായനശാലാ എക്സി.അംഗങ്ങളായ കലാമണ്ഡലം ചന്ദ്രൻ, ഇ.വി മുഹമ്മദ്, മനോജ്, വി.വി സലീം, പി.ഹനീഫ, ലൈബ്രേറിയൻ കെ.ആർ ശ്രീഷ്മ, ബാലവേദി സെക്രട്ടറി എം.എസ് നന്ദന എന്നിവർ സംസാരിച്ചു. ഗ്രാമീണ ഓണക്കളികളും, വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.