നിർത്താതെ ഹോണടി; കാർ യാത്രികന് അപസ്മാരം ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം: അഞ്ച് കിലോമീറ്ററോളം കാറിനു പുറകിൽ നിർത്താതെ ഹോണടിച്ചതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ കാർ യാത്രികന് അപസ്മാരം.

അപസ്മരത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി രാജ്ഭവൻ വീട്ടിൽ വിമൽ രാജിനെ (38) കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവർ തൃശൂർ സ്വദേശി ഭക്തരാജിനെ കുന്ദംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറിന് പുറകെ തൃശൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന വെണ്ണിലാവ് ബസാണ് അഞ്ച് കിലോമീറ്ററോളം നിർത്താതെ ഹോൺ അടിച്ചത്.

ഇതെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലാണ് കേച്ചേരിയിൽ വെച്ച് യുവാവിന് അപസ്മാരം ഉണ്ടായത്. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.