ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ യുവാവ് തെങ്ങിന് മുകളില്‍

പത്തനംതിട്ട:ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളില്‍ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച് രാധാകൃഷ്ണന്‍ തെങ്ങിന് മുകളില്‍ കയറിയത്.

യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും നീക്കങ്ങളെല്ലാം പാളി. തെങ്ങിന് താഴെ ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരും കുറേയേറെ സമയമായി കാത്തുനില്‍പ്പ് തുടരുകയാണ്.

അടൂരില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് യുവാവിനെ തെങ്ങില്‍ നിന്നും താഴെയിറക്കാനായി സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ ഫയര്‍ഫോഴ്‌സിന്റെ ഒരു തരത്തിലുള്ള ശ്രമങ്ങളോടും രാധാകൃഷ്ണന്‍ സഹകരിക്കാതെ വന്നപ്പോഴാണ് തെങ്ങിന് താഴെ കാത്തുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. ഇയാളെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുകയാണെങ്കിലും യുവാവ് പ്രതികരിച്ചില്ല തെങ്ങിൽ കയറാന്‍ ശ്രമിച്ചവരെ മടലും മറ്റും പറിച്ചെടുത്ത് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. രാധാകൃഷ്ണന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും ആരൊക്കെ വിളിച്ചിട്ടും ഇയാള്‍ ഫോണെടുക്കുന്നില്ല