ഉറക്കമില്ലാത്ത രാത്രി (കവിത)

സെയ്തലവി വിളയൂർ

മാറാരോഗം പിടിപ്പെട്ട
രാത്രികൾക്കിപ്പോൾ
ഉറക്കം കുറവാണ്…

രാത്രികൾ ഉറക്കമൊഴിക്കുന്നതിനാൽ
നിറമുള്ള സ്വപ്നങ്ങളിപ്പോൾ
കൊടുംപട്ടിണിയിലാണ്..

രാത്രികൾക്കും
പകൽനിറമായതിനാൽ
രാപകലുകൾ തമ്മിൽ
പരസ്പരം തിരിച്ചറിയാറില്ല..

നേരത്തെയുറങ്ങുമ്പോൾ
ഒന്നായിരുന്ന
ദാമ്പത്യ രാജ്യങ്ങളിപ്പോൾ
രണ്ടായി വിഭജിക്കപ്പെടുകയാണ്..

രാത്രിവെളിച്ചം മൂലം
ഉറക്കം നഷ്ടമാകുന്ന മുറികൾ
പകലുകളിൽ
പിച്ചും പേയും പറയുക പതിവാണ്…

മൊബൈൽ കണ്ണടച്ചാൽ
മാത്രമുറങ്ങുന്ന രാത്രികളുടെ
പകൽ ജീവിതം ഉറക്കം തൂങ്ങുകയാണ്..

ഉറക്കമില്ലാത്ത രാത്രികൾ
ഉണർവില്ലാത്ത പകലുകളെ
പ്രസവിച്ചുകൊണ്ടിരിക്കുകയാണ്…

  • സെയ്തലവി വിളയൂർ