പാലക്കാട്: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് കർശന പരിശോധനയുമായി പൊലീസ്. സ്പെഷ്യൽ പട്രോളിംഗ് ടീം, മോട്ടോർ സൈക്കിൾ ബീറ്റ്, പിങ്ക് പൊലീസ്, മറ്റ് പൊലീസ് വിഭാഗങ്ങൾ എന്നിവ ഓണക്കാലത്ത് മുഴുവൻ സമയവും രംഗത്തുണ്ടാകും. ഓണവുമായി ബന്ധപ്പെട്ട് വ്യാജമദ്യം, ലഹരി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒഴുക്ക് തടയാന്‍ അതിർത്തികൾ കേന്ദ്രികരിച്ച് പ്രത്യേക സംഘം പരിശോധന നടത്തും. കടകളിലും മാര്‍ക്കറ്റിലും തിരക്കുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വ്യാപാരി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഓണത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമ ലംഘനങ്ങളിൽ കർശന നടപടി കൈക്കൊള്ളും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഫ്തിയിൽ പൊലീസിനെ വിന്യസിക്കും. ജനങ്ങൾ തിങ്ങിക്കൂടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഓണാഘോഷങ്ങൾ എന്നിവിടങ്ങളിലും പൊലീസിനെ വിന്യസിക്കും. മോഷണം തടയാൻ കോളനികൾ കേന്ദ്രികരിച്ച് പട്രോളിംഗ് ഉണ്ടാകും. പാലക്കാട്, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഷൊർണൂർ, അഗളി സബ് ഡിവിഷനുകൾക്ക് കീഴിൽ അധിക പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു. അടിയന്തിര സഹായത്തിന്
100, 112, പാലക്കാട് നഗരത്തിൽ 0491 2537368 (ടൗൺ സൗത്ത്), 0491 2502375 (ടൗൺ നോർത്ത്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.