പാലക്കാട്: വിവരാവകാശ നിയമം പൗരന് നൽകുന്ന അധികാരം ഉപയോഗിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, പരിശോധിക്കുന്നതിനും, ആവശ്യമെങ്കിൽ ചോദ്യം ചെയ്യുന്നതിനും, തിരുത്തുന്നതിനും പരമാധികാരികളായ പൗരസമൂഹത്തിന് അവകാശമുണ്ട്. വഴി തെറ്റുന്ന അധികാരത്തെ നിയന്ത്രിക്കാനുള്ള പൗരന്റെ ജനാധിപത്യ അവകാശമാണ് വിവരാവകാശ നിയമം. ഇക്കാര്യത്തിൽ പൗരസമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാക്കിയെടുക്കുന്നതിന് വിവരാവകാശ പ്രവർത്തകരും പൊതു പ്രവർത്തകരും മുൻകയ്യെടുക്കണമെന്നും സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട് ട്രൂലൈൻ പബ്ലിക് സ്ക്കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വിവരാവകാശം നിയമം കൊണ്ട് വരുന്നതിനു വേണ്ടി പ്രവർത്തിച്ച നാഷണൽ ക്യാമ്പയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ്റെ (എൻ.സി.പി.ആർ.ഐ) കേരള ഘടകമാണ് ദേശീയ വിവരാവകാശ കൂട്ടായ്മ.
ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോർഡിനേറ്റർ ഡോ.എബി ജോർജ്ജ് പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ പരിപാടിയിൽ കളം രാജൻ, മുജീബ് റഹ്മാൻ പത്തിരിയാൽ, ജില്ലാ കോർഡിനേറ്റർ കെ.വി.കൃഷ്ണകുമാർ, അന്ത്യോദയ പദ്ധതി കോർഡിനേറ്റർ എം.കെ.ശാന്തി, ശൈല.എസ് തുടങ്ങിയവർ സംസാരിച്ചു.
ജനകീയ മോണിറ്ററിംഗും പബ്ലിക് വിജിലൻസും സോഷ്യൽ അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കുന്നതിനു എല്ലാ മാസവും റിവ്യു നടത്തി മേൽ നടപടികൾക്കായി ജില്ലാ ഭരണാധികാരിക്ക് റിപ്പോർട്ട് കൈമാറുമെന്നും ദേശീയ വിവരാവകാശ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.