റോഡിലെ വെള്ളക്കെട്ട് ; വിദ്യാർത്ഥികൾ നിവേദനം നൽകി

തൃത്താല | പാഠഭാഗങ്ങളിലെ പഠന പ്രവർത്തനങ്ങൾ പകർന്ന ഉത്സാഹം നാടിന്റെ ജനകീയ പ്രശ്നങ്ങളിലേക്ക് ഇടപെടാൻ പ്രേരകമായ മാട്ടായയിലെ മദ്രസ വിദ്യാർത്ഥികൾ പൊതുജന പ്രശ്നപരിഹാരത്തിന് ജനപ്രതിനിധി മുമ്പാകെ നിവേദനം നൽകി. പുസ്തകങ്ങളിൽ നിന്ന് പുറത്തിറക്കി പ്രായോഗിക പാഠമായി തിരിച്ചറിഞ്ഞ മാട്ടായ കമാലിയ മദ്രസയിലെ ഒരുപറ്റം വിദ്യാർത്ഥികളാണ് നാടിന്റെ അതിപ്രധാന ജനകീയ പ്രശ്നമായ വെള്ളക്കെട്ട് പരിഹാരത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർക്ക് നിവേദനം നൽകിയത്.

പട്ടാമ്പി ഗുരുവായൂർ റൂട്ടിൽ മാട്ടായ പള്ളിക്ക് സമീപമുള്ള തങ്ങളുടെ മദ്രസയുടെ മുൻവശത്ത് റോഡ് സൈഡിൽ മഴപെയ്താൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ തങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ വളരെ പ്രയാസമാണെന്നും ആകയാൽ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നാണ് തൃത്താല ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സബിത ടീച്ചർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്.

മദ്രസയിലെ പാഠപുസ്തകത്തിലെ പഠനപ്രവർത്തനത്തിൽ നാട്ടിലെ ജനകീയ വിഷയത്തിൽ അധികൃതർക്ക് നൽകേണ്ട കുറിപ്പ് തയ്യാറാക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. കേവല വ്യാകരണ പരിശീലനത്തിനപ്പുറം പാഠ്യ വിഷയങ്ങളെ പ്രായോഗികമായി പരിശീലിക്കുക എന്ന ലക്ഷ്യമാണ് ഈ വിദ്യാർത്ഥികളെ ഇത്തരം ഒരു ഉദ്യമത്തിന് മുന്നോട്ട് നയിച്ചത്.
അധ്യാപകൻ….. ആവശ്യമായ സഹായങ്ങളുമായി പിന്തുണ നൽകിയപ്പോൾ കൂടുതൽ ജനകീയ വിഷയങ്ങളിൽ ഇടപെടാനും നാടിനുവേണ്ടി ശബ്ദിക്കാനും നാളെയുടെ വാഗ്ദാനങ്ങൾ ആകുന്ന ഈ വിദ്യാർഥികൾ പൂർവ്വോപരി തൽപരരാണ് ഇപ്പോൾ.