ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ജല്‍ ശക്തി കേന്ദ്രസംഘം

പാലക്കാട്:
ജില്ലയില്‍ ജലസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കേന്ദ്ര ജല്‍ശക്തി കേന്ദ്രസംഘം വിലയിരുത്തി. ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രസംഘം. ജല്‍ശക്തി കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനാകുമെന്നും ജല്‍ശക്തി അഭിയാന്‍ പോര്‍ട്ടലില്‍ ജലസംരക്ഷണ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ജില്ല മികവ് പുലര്‍ത്തുന്നതായും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടറും കേന്ദ്ര നോഡല്‍ ഓഫീസറുമായ വിവേക് ശുക്ല, പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ ശാസ്ത്രജ്ഞന്‍ കേശവ് ബോഗാഡെ എന്നിവര്‍ പറഞ്ഞു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ അമൃത് സരോവര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 82 കുളങ്ങളില്‍ പ്രവൃത്തി ആരംഭിച്ച 11 ല്‍ അഞ്ചെണ്ണവും പൂര്‍ത്തീകരിച്ചു. മറ്റുള്ളവ 2023 ഓഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കണമെന്ന് സംഘം യോഗത്തില്‍ നിര്‍ദേശിച്ചു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പച്ചത്തുരുത്ത്, മഴവെള്ള സംഭരണ പ്രവര്‍ത്തികള്‍ എന്നിവ മാതൃക പ്രവര്‍ത്തനങ്ങളാണെന്ന് കേന്ദ്രസംഘം അഭിനന്ദിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്തിലെ കടയങ്കോട് മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കുളത്തില്‍ പ്രദേശവാസികളായ വനിതകളുടെ സഹകരണത്തോടെ മത്സ്യകൃഷി- ജലവിതരണം- വാട്ടര്‍ റീചാര്‍ജിങ് എന്നിവ സംയോജിപ്പിച്ച് നടപ്പാക്കിയ പ്രവൃത്തി മാതൃകാപരമെന്നും ഈ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്നും സംഘം വിലയിരുത്തി.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നടപ്പാക്കുന്ന വിദ്യാവനം പദ്ധതി മികവാര്‍ന്നതാണെന്നും കേന്ദ്രസംഘം പറഞ്ഞു. ജലസംരക്ഷണ മേഖലയിൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ജലസേചനം – ചെറുകിട ജലസേചനം- ഭൂജലം – പൊലൂഷൻ കൺട്രോൾ ബോർഡ് -വനം – കൃഷി എന്നീ വകുപ്പുകളുടെ മികച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലാഭരണകൂടത്തിന്റെ മികവ് അഭിനന്ദനീയമാണെന്ന് കേന്ദ്രസംഘം യോഗത്തിൽ പറഞ്ഞു.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പ്, മരുതറോഡ് കടയങ്കോട് കുളം, കഞ്ചിക്കോട് യുണൈറ്റഡ് ബ്രിവറീസ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പച്ചത്തുരുത്ത്, വരട്ടിയാര്‍ ചെക്ക് ഡാം, മരുതറോഡ് ജൂനിയര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാവനം എന്നിവ കേന്ദ്രസംഘം സന്ദര്‍ശിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പുരോഗതി അവലോകന യോഗത്തില്‍ എ.ഡി.എം. കെ മണികണ്ഠന്‍, ജല്‍ശക്തി അഭിയാന്‍ ക്യാമ്പയിന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ട്‌സ് കെ. പുരുഷോത്തം, ഗ്രൗണ്ട് വാട്ടര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ബി. മുരളീധരന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.