പോഷൺ മാസാചരണം സെപ്റ്റംബർ ഒന്ന് മുതൽ

പാലക്കാട്:
ജില്ലാ ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ പോഷൺ മാസാചരണം സംഘടിപ്പിക്കുമെന്ന് ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ. ലത അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ഡി.ആർ.ഡി.എ. ഹാളിൽ വച്ച് മാസാചരണത്തിന്റെ ഉദ്ഘാടനം നടത്തും. ജില്ലാ ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തിയ ജില്ലാതല ഉദ്യോഗസ്ഥരുടെ കൺവർജൻസ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ഗ്രാമപഞ്ചായത്ത് തലങ്ങളിലും പരിപാടികൾ നടത്തും.

ന്യൂട്രീഷൻ പ്രദർശനം, ന്യൂട്രീഷൻ കൗൺസിലിങ്, കുട്ടികളുടെ വളർച്ച നിരീക്ഷണം, കൗമാരക്കാർക്കായി ആരോഗ്യ-വിദ്യാഭ്യാസ പോഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ഹെൽത്ത് ക്യാമ്പ്, ന്യൂട്രീഷൻ ക്യാമ്പ്, അനീമിയ ബോധവത്ക്കരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സാം കുട്ടികളുടെ പോഷണ പരിചരണം ഉറപ്പുവരുത്തുന്നതിനായി മൈക്രോ പ്ലാൻ തയ്യാറാക്കൽ പ്രവർത്തനങ്ങളും നടത്തും. സെപ്റ്റംബർ ഏഴു മുതൽ ഓൺലൈനായും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. വിവിധ കലാപരിപാടികൾ, ഫ്ലാഷ് മോബ്, ഓണാഘോഷ പരിപാടികളുടെ ഭാഗമായി പോഷണ പൂക്കളം ഉൾപ്പെടെയുള്ള പരിപാടികളും മാസാചരണത്തിന്റെ ഭാഗമായി നടത്തും.

ജില്ലയിലെ 2835 അംഗൻവാടികൾ കേന്ദ്രീകരിച്ചാണ് പോഷൺ മാസാചരണം സംഘടിപ്പിക്കുന്നത്. അംഗൻവാടികളും വീടുകളും കേന്ദ്രീകരിച്ച് വഴിയോര പച്ചക്കറി കൃഷി, കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി വിത്ത് തൈകൾ വിതരണം, ജല ജീവൻ മിഷന്റെ സഹകരണത്തോടെ കുടിവെള്ള പരിശോധന, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ വിര മരുന്ന് ഗുളികകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളും പരിഗണിക്കുന്നുണ്ട്.

ജില്ലാ ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ഉദ്യോഗസ്ഥരുടെ കൺവർജൻസ് ഓൺലൈൻ യോഗത്തിൽ എ.ഡി.എം. കെ. മണികണ്ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) ഡോ. കെ.പി. റീത്ത, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.