ഷൊർണൂർ നഗരസഭയിൽ സാമ്പത്തികപ്രതിസന്ധി : ബസ്‌സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം രണ്ടാംഘട്ടവും അനിശ്ചിതത്വത്തിൽ

ഷൊർണൂർ : നഗരസഭയുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബസ്‌സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായി. ബസ്‌സ്റ്റാൻഡിന്റെ രണ്ട് ഭാഗങ്ങളിലായി നാലുനിലക്കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ചെലവഴിക്കേണ്ട തുക കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.

പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിലെ കടമുറികളും തുറന്നുകൊടുക്കാനായിട്ടില്ല. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്തതാണ് പ്രശ്‌നം. മാർക്കറ്റിലെ ഒഴിപ്പിച്ച വ്യാപാരികൾക്ക് പുതിയകെട്ടിടത്തിൽ സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും മാലിന്യസംസ്‌കരണ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്.

ഒന്നാംഘട്ട കെട്ടിടനിർമാണം കഴിഞ്ഞ ഭരണസമിതി പൂർത്തിയാക്കിയെങ്കിലും മാലിന്യസംസ്‌കരണ സംവിധാനം ഉണ്ടാക്കിയിരുന്നില്ല. രണ്ടുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതിയാരംഭിച്ച്‌ വർഷങ്ങൾ കഴിഞ്ഞതിനാൽ നിർമാണച്ചെലവ് വർധിക്കും.

മാർക്കറ്റിലെ നിലവിലുള്ള പഴയകെട്ടിടം പൊളിച്ചുമാറ്റിവേണം രണ്ടാംഘട്ടനിർമാണം ആരംഭിക്കാൻ. കെട്ടിടനിർമാണം പൂർത്തിയാക്കിയാലേ വ്യാപാരികളിൽനിന്നുള്ള വാടകവരുമാനംകൂടി നഗരസഭയ്‌ക്ക് പ്രതീക്ഷിക്കാനാവൂ. പഴയകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ വാടകയിൽ കഴിഞ്ഞ കൗൺസിൽ വാടക കൂട്ടിയിരുന്നു. നികുതിപിരിവ് കാര്യക്ഷമമാക്കിയും വാടകയുൾപ്പെടെയുള്ള മറ്റ് വരുമാന സ്രോതസ്സുകൾ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള നടപടിയും നഗരസഭയെടുക്കുന്നുണ്ട്. മാർക്കറ്റ് കെട്ടിടത്തിൽ മാലിന്യസംസ്‌കരണ സംവിധാനം ഏർപ്പെടുത്തുന്നതിന് ശുചിത്വമിഷന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു.