ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക്‌ ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരം

— യു.എ.റഷീദ് പട്ടാമ്പി —

വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടി റോഡിൽ നിന്ന് വീണു കിട്ടിയ 8400 രൂപയും,കടയുടെ താക്കോലും,മറ്റും അടങ്ങിയ ബാഗ് ഉടമസ്ഥനെ നൽകി മാതൃകയായഅബൂബക്കർ,കണിയത്ത് മുഹമ്മദാലിയെയുമാണ് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചത്.

ചാലിശ്ശേരി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ കെ. ജെ.പ്രവീൺ ജനമൈത്രി പോലീസിന്റെ ട്രോഫി നൽകി അബൂബക്കറിനെ ആദരിച്ചു.എ. എസ്. ഐ. ഡേവി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ. ശ്രീകുമാർ, കെ. ഡി. അഭിലാഷ്, പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

കേച്ചേരി,പെരുമ്പിലാവ് എന്നിവിടങ്ങളിൽ ഫ്രൂട്ട്സ് കട നടത്തിവരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി അഷറഫിന്റെ മകൻ ഷാഹിദ് കട പൂട്ടി വീട്ടിലേക്ക് വരുന്ന വഴിയിലാണ് ഷാഹിദിന്റെ പക്കൽ നിന്നും ബാഗ് നഷ്ടപ്പെട്ടത്.

ഓട്ടോ ഡ്രൈവർ ആയ അബൂബക്കർ രാത്രി ചാലിശ്ശേരിയിൽ നിന്നും വരുന്ന വഴിയിൽ കണിയത്ത് മുഹമ്മദാലിയുടെ വീടിന് സമീപം റോഡിൽ ബാഗ് വീണ് കിടക്കുന്നത് കാണുകയും, മുഹമ്മദാലിയെ വിളിച്ച് ബാഗ് ഏല്പിക്കുകയും ചെയ്തു.

പ്രാദേശിക വാർത്ത ഗ്രൂപ്പുകളിലൂടെ ബാഗ് നഷ്പ്പെട്ട വിവരം അറിഞ്ഞ അബൂബക്കർ,ഉടമസ്ഥനുമായി ഫോണിൽ ബന്ധപ്പെടുകയും അബൂബക്കറും, മുഹമ്മദാലിയും ചാലിശ്ശേരി പോലീസ് സ്റ്റേഷൻ മുഖേന ബാഗ് ഉടമസ്ഥന് കൈമാറുകയുമായിരുന്നു.
അബൂബക്കറിനെയും,മുഹമ്മദാലിയെയും പോലെയുള്ളവർ സമൂഹത്തിന് എന്നും മാതൃകയാണെന്ന് എസ്.ഐ.കെ.ജെ. പ്രവീൺ പറഞ്ഞു.