മാലമോഷണകേസിൽ തമിഴ്നാട് സ്വദേശികളായ യുവതികൾ അറസ്റ്റിൽ

പാലക്കാട്:
ബസ് യാത്രികയുടെ മാലപൊട്ടിച്ചകേസിൽ കുപ്രസിദ്ധ മോഷ്ടാക്കളായ യുവതികളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടിക്കൽ പാറപ്പെട്ടി സ്വദേശികളായ സന്ധ്യ (22), കാവ്യ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വ പകലാണ് ബസിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തച്ചൻകോട് സ്വദേശിനിയുടെ രണ്ടുപവൻ സ്വർണമാല ഇരുവരും മോഷ്ടിച്ചത്. മാലപൊട്ടിച്ചത് അറിഞ്ഞ യാത്രക്കാരി ബഹളം വച്ചതോടെ മാല ബസിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കണ്ണനൂരിൽ നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസിനെ ഏൽപിച്ചു. പേരും വിവരവും പലതവണ മാറ്റി പറയുന്നവരായിരുന്നു പ്രതികൾ. ചോദ്യം ചെയ്യലിൽ മാലമോഷ്ടിച്ചത് സമ്മതിച്ചു. ബുധനാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതിയായ സന്ധ്യയ്ക്ക് വിവിധ പേരുകളിൽ പരിയാരം, ഫറോക്ക്, കോട്ടയ്ക്കൽ, കൊഴിഞ്ഞാമ്പാറ, വളപട്ടണം, കോഴിക്കോട് ടൗൺ, കോഴിക്കോട് കസബ എന്നിവിടങ്ങളിൽ കേസുണ്ട്. രണ്ടാം പ്രതി കാവ്യയ്ക്ക് വിവിധ പേരുകളിൽ വളാഞ്ചേരി, പാലക്കാട് ടൗൺ സൗത്ത്, നോർത്ത്, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ കേസുണ്ട്. ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ എൻ നാരായണൻകുട്ടി, എഎസ്ഐമാരായ സജിതകുമാരി, ദേവി, സീനിയർ സിപിഒമാരായ കെ സി പ്രദീപ്കുമാർ, എം സുനിൽ, കെ സരള, സിപിഒമാരായ സൗമ്യ, രാജീവ്‌, സന്ധ്യ, എം രാജേഷ്, കെ വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്.