ഫലം വന്നിട്ട് രണ്ടു മാസO എസ്എസ്എൽസി സർട്ടിഫിക്കറ്റ് റെഡിയായിട്ടില്ല.

തിരു:
എസ്എസ്എൽസി ഫലം വന്നു 2 മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കുട്ടികളുടെ കൈകളിലെത്തിയില്ല. ‘അച്ചടി തുടങ്ങിയിട്ടേയുള്ളൂ; രണ്ടാഴ്ചയ്ക്കുശേഷം സ്കൂളുകളിൽ എത്തിക്കും’ എന്നാണു പരീക്ഷാഭവനിൽനിന്നുള്ള വിവരം. മുൻവർഷങ്ങളിൽ പ്ലസ് വൺ പ്രവേശനം ആരംഭിക്കുംമുൻപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു.

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ ബോണസ് മാർക്കും സംവരണവും ലഭിക്കാൻ നേറ്റിവിറ്റി, ജാതി സർട്ടിഫിക്കറ്റുകൾക്കു പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ മതിയെന്നു നിർദേശം വന്നിരുന്നു. സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വിദ്യാർഥികൾ മാർക്ക്‌ലിസ്റ്റാണ് അപ് ലോഡ് ചെയ്തത്. ഇതിൽ ജാതി, പഞ്ചായത്ത് / നഗരസഭാ വിവരങ്ങളില്ല.
കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം നേടിയ പലരും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണു നടപടികൾ പൂർത്തിയാക്കുന്നത്. പഞ്ചായത്ത് / നഗരസഭാ വിവരത്തിനു റേഷൻ കാർഡോ ആധാർ കാർഡോ നൽകണം. പ്രവേശനത്തിന് ഏതെല്ലാം രേഖകൾ കൊണ്ടുവരണമെന്നു നിർദേശമില്ലാത്തതിനാൽ പലരും ഇവ കയ്യിൽ കരുതാറില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കാത്തതു പ്രവേശന നടപടികളെ സങ്കീർണമാക്കുന്നതായി അധ്യാപകരും വിദ്യാർഥികളും പറയുന്നു.

വിദ്യാർഥികളുടെ വിവരങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പാക്കാൻ ഡേറ്റ വീണ്ടും പരിശോധിക്കേണ്ടി വന്നതാണു കാലതാമസത്തിന് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പല സ്കൂളുകളും വിദ്യാർഥികളുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്ത് അയച്ചപ്പോൾ അക്ഷരത്തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ഇവ തിരുത്തിയാണ് അച്ചടി തുടങ്ങിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് ഡിജിലോക്കർ ആപ്പിൽ ലഭ്യമാണ്.