ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്:
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനു (38) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളി പകൽ പന്ത്രണ്ടോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെയിറ്റിങ് ഷെഡിൽ നിന്ന് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ജില്ലയിലെ അതിഥി തൊഴിലാളികൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ എന്നിവർക്കിടയിൽ ചില്ലറ വിൽപനയ്ക്കായാണ് കഞ്ചാവെത്തിച്ചത്. വിവിധ കോഡുകളാക്കി പേരിട്ടാണ് കഞ്ചാവ് വിൽപന. അതിർത്തി കടന്നുള്ള ലഹരിയൊഴുക്ക് തടയുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐമാരായ വി ഹേമലത, എം അജാസുദ്ദീൻ, ജി ബി ശ്യാംകുമാർ, എഎസ്ഐമാരായ സി ദേവി, വാസുദേവൻ ഉണ്ണി, സീനിയർ സിപിഒമാരായ എം സുനിൽ, എ മുഹമ്മദ് സലിം, മുഹമ്മദ്, ആർ വിനേഷ്, സിപിഒ കെ ദിലീപ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.