— എം.എസ്.സനോജ് പറളി —
ഒറ്റപ്പാലം : സ്കൂളുകൾക്ക് പരിസരത്തെ പൂവാലശല്യവും ലഹരിവിതരണവും തടയാൻ ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ പദ്ധതിയുമായി ഒറ്റപ്പാലം പോലീസ്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റപ്പാലത്തെ ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് യൂണിഫോമിലല്ലാതെ പോലീസുകാരെ നിയോഗിച്ച് പരിശോധനനടത്താനാണ് പദ്ധതി.
കഴിഞ്ഞദിവസം വരോട് പരിസരത്തുനിന്ന് തൃശ്ശൂർ സ്വദേശികളായ മൂന്നുപേരെ ഒറ്റപ്പാലം പോലീസ് പിടികൂടിയിരുന്നു. നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയ ബൈക്കിലെത്തി വരോട് സ്കൂൾപരിസരത്ത് കറങ്ങുന്നതിനിടെയാണ് പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയതായിരുന്നു ഇവരെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. ഇവരിൽനിന്ന് 6000 രൂപ പിഴയീടാക്കി.
വരോട്, ചുനങ്ങാട്, കോതകുറിശ്ശി, ഈസ്റ്റ് ഒറ്റപ്പാലം, വാണിയംകുളം തുടങ്ങിയ സ്ഥലങ്ങളിലെ ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. എ.എസ്.ഐ. ജോസഫിന്റെ നേതൃത്വത്തിൽ അഞ്ച് പോലീസുകാരാണ് യൂണിഫോമിലല്ലാതെ സ്കൂൾ പരിസരത്ത് പരിശോധനനടത്തുന്നത്. ഇവരുടെ ബൈക്കുകൾ കണ്ടുകെട്ടി പിഴയടപ്പിക്കാനാണ് ലക്ഷ്യമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.