അട്ടപ്പാടി:
അട്ടപ്പാടിയിലെ ഗോത്രസംസ്ക്കാരത്തെ അടുത്തറിയാൻ ‘ തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുമായി അട്ടപ്പാടി എം.ആർ.എസിലെ വിദ്യാർത്ഥികൾ. ഗോത്ര സംസ്കാരത്തെ അടുത്തറിയാനും തനത് കലാരൂപം, കൃഷി, ഭക്ഷണ രീതി, പാരമ്പര്യ ചികിത്സ തുടങ്ങിയവയിൽ പഠനം നടത്തി അട്ടപ്പാടിലെ ഗോത്ര സംസ്ക്കാരത്തെ കൂടുതൽ മനസ്സിലാക്കുന്നതിനും പുറംലോകത്തെ അറിയിക്കുകയും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടറുടെ ആശയത്തിൽ എം.ആർ.എസിലെ വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനമായി പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തോടനുബദ്ധിച്ച് മുക്കാലി എം.ആർ.എസിൽ നടന്ന തവിലോ സെ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ മൃൺ മയി ജോഷി നിർവഹിച്ചു.
എം.ആർ.എസിലെ വിദ്യാർത്ഥികളും അധ്യാപകരും ഊരുകളിൽ നേരിട്ടെത്തി ഇരുള, കുറുംമ്പ, മുഡുക തുടങ്ങിയ അടപ്പാടിയിലെ മൂന്ന് ഗോത്ര വിഭാഗങ്ങളുടെ സംസ്കാരത്തെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയും പഠനം നടത്തുകയും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. അതിനായി പ്രത്യേകം വാർഷിക കലണ്ടർ തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ധർമ്മല ശ്രീ, ഐ.ടി.ഡി.പി. പ്രൊജക്റ്റ് ഓഫീസർ സുരേഷ് കുമാർ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.