കർത്താട്ട് ബാലചന്ദ്രൻ – സ്വാതന്ത്ര്യ സമരകാലത്തെ ജ്വലിക്കുന്ന ഓർമ്മ

ശെൽവൻകുഴൽമന്ദം


രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമരപോരാളികളുടെ സ്മരണയിൽ തെളിയുന്ന വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് കർത്താട്ട് ബാലചന്ദ്രൻ.
സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട് ഒട്ടേറെ കർമ്മപഥങ്ങളിൽ സജീവമായി പങ്കു വഹിച്ച കർത്താട്ട് ബാലചന്ദ്രൻ ഓർമ്മയായിട്ട് മൂന്നു വർഷമായി. സ്വാതന്ത്ര്യ പൂർവകാലത്ത് അസ്വാതന്ത്ര്യത്തിന്റെ ചങ്ങലപ്പൂട്ടിൽ നിന്നും ഒരു ജനതയെ മോചിപ്പിക്കാനുള്ള തീവ്രവും തീക്ഷ്ണവുമായ ആവേശം ചെറുപ്പത്തിൽ തന്നെ പകർന്നു കിട്ടിയത് ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സിഎംആർഡി സ്ക്കൂളിലെ പഠനത്തിലൂടെ യാണെന്ന് കർത്താട്ട് പറഞ്ഞിരുന്നു. ഭൂദാന പ്രസ്ഥാനം, അയിത്തോച്ഛാടനം, മദ്യ നിരോധനം, സാക്ഷരത എന്നീ പ്രവർത്തന മേഖലകളിലും കർത്താട്ട് നിറഞ്ഞു നിന്നു.

മലപ്പുറം ജില്ലയിലെ താനൂരിലുള്ള സമ്പന്നമായ കർത്താട്ട് ഒ കെ അപ്പുണ്ണി മേനൊന്റെയും കർത്താട്ട് കുഞ്ഞിക്കാവമ്മയുടേയും മകനായി 1929 ഏപ്രിൽ ഒന്നിനാണ് ബാലചന്ദ്രൻ ജനിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ അനുഭാവികളായിരുന്ന മിതവാദികളും ഖദർധാരികളുമായിരുന്ന അധ്യാപകരായിരുന്നു ഈ ദേശപ്രേമിയുടെ ഉള്ളിലെ സ്വാതന്ത്ര്യ ബോധത്തെ തൊട്ടുണർത്തിയത്.മൂന്നാം ക്ളാസ് വിദ്യാർഥിയായിരിക്കെ ഗോപാലകൃഷ്ണൻ എന്ന അധ്യാപകൻ സ്വന്തം ജാതിപ്പേരിനാൽ അവഹേളിക്കപ്പെടുന്നത് കണ്ടു നിന്ന ഹൃദയത്തിൽ ആ ദൃശ്യം വലിയൊരു മുറിപ്പാടായി പതിഞ്ഞു കിടന്നു.

അയിത്തത്തിനെതിരെയുള്ള ആദ്യത്തെ പ്രതിഷേധവും പ്രക്ഷോഭവും സ്വന്തം തറവാട്ടിൽ നിന്ന് തന്നെയായിരുന്നു ഉയർന്നത്. കേളപ്പജിയുടേയും ഹരിജൻ പ്രസ്ഥാനനായകൻ തങ്കർബാപ്പയുടേയുമൊക്കെ പ്രസംഗങ്ങൾ കാതിലും കരളിലിലും പ്രതിധ്വനിച്ചു. കുടുബക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും തൊട്ടു കൂടായ്മയുടെ പേരിലും തീണ്ടി കൂടായ്മയുടെ പേരിലും സവർണർ മാറ്റി നിർത്തിയിരുന്ന ഹരിജനങ്ങളെ നിർബന്ധപൂർവം കയറ്റി. തറവാട്ടിൽ പണിക്കു വന്നിരുന്ന പെണ്ണുങ്ങൾക്ക് മാറു മറയ്ക്കാൻ അനുമതി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് വസ്ത്രനിരാസം നടത്താനും തയ്യാറായി.
(തുടരും)