ഉഴവു കൂലി കുറയ്ക്കരുത്; അയിലൂർ മണ്ഡലം കോൺഗ്രസ്

 നെന്മാറ : നെൽ കർഷകർക്ക് ത്രിതല പഞ്ചായത്തുകളിലൂടെ വർഷങ്ങളായി നൽകിവരുന്ന അർഹതപ്പെട്ട ഉഴവു കൂലി ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയിലൂർ പഞ്ചായത്ത് വെട്ടിക്കുറയ്ക്കുന്നു. കഴിഞ്ഞവർഷം വരെ സർക്കാർ നിർദേശം ഹെക്ടർ ഒന്നിന് 17000 രൂപ നൽകണമെന്നാണ് നിർദ്ദേശം. ആയതിന്റെ 50% പോലും കർഷകർക്ക് ലഭിക്കുന്നില്ല. ഈ സാമ്പത്തിക വർഷം സർക്കാർ നിർദ്ദേശം വന്നിരിക്കുന്നത് ഹെക്ടർ ഒന്നിന് 25000 രൂപ നൽകണമെന്നതാണ്. ഓരോ സാമ്പത്തിക വർഷവും സർക്കാർ ഗ്രാമപഞ്ചായത്തിന് അനുവദിക്കുന്ന പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 30% കൂടിയത് 40% വും ഉല്പാദന മേഖലയ്ക്ക് അതായത് നെൽകൃഷി, പച്ചക്കറി കൃഷി, നാളികേര കൃഷി, മൃഗസംരക്ഷണം മറ്റു ധാന്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കൂടി വകയിരുത്തേണ്ടതാണ്. പഞ്ചായത്തിലെ നെൽ കർഷകർക്ക് അർഹതപ്പെട്ട മുഴുവൻ തുകയും അനുവദിക്കണമെന്ന് അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ജി. എൽദോ, നെന്മാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി. ഗോപാലകൃഷ്ണൻ, കെ.കുഞ്ഞൻ, എ. സുന്ദരൻ, വി.പി.രാജു, എസ്.കാസിം, എം. ജെ. ആന്റണി, കെ, സുരേഷ് എന്നിവർ സംസാരിച്ചു.