എൻ.ഡി.ആർ.എഫ് ഉം പങ്കാളിയാവും

ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എന്‍.ഡി.ആര്‍.എഫ്. ഫോര്‍ത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സബ് ഇന്‍സ്പെക്ടര്‍മാരായ ദീപക് ചില്ലര്‍, എ. ജഗന്നാഥന്‍ എന്നിവരാണ്.
രാവിലെ കളക്ടറേറ്റില്‍ എത്തിയ സംഘം ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുമായി കൂടിക്കാഴ്ച നടത്തി. ആദ്യ ഘട്ടത്തില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ ഇവര്‍ നേരില്‍ കണ്ട് വിലയിരുത്തും. ഇതിനായി ഇന്നലെ ചെങ്ങന്നൂരില്‍ സന്ദര്‍ശനം നടത്തി. ആവശ്യമനുസരിച്ച് വിവിധ കേന്ദ്രങ്ങളില്‍ സേനയെ വിന്യസിക്കും.
നിലവില്‍ ജില്ലയില്‍ ഗുരുതര സാഹചര്യമില്ലെന്നും അവശ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അച്ചന്‍കോവില്‍, പമ്പ, മണിമല ആറുകളുമായി ബന്ധപ്പെട്ട് ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. പമ്പയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഭാഗത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്‍റെ 90 ഷട്ടറുകളും തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികളും തുറന്നിരിക്കുകയാണ്. ഇതുവഴി വെള്ളം കടലിലേക്ക് സുഗമായി ഒഴുകുന്നുണ്ട്.- കളക്ടര്‍ വ്യക്തമാക്കി.