നെല്ലിയാമ്പതിയിൽ ആർ. ആർ. ടി. യോഗം ചേർന്നു

നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിൽ കാലവർഷക്കെടുതി മൂലം ദുരന്തത്തിൽപ്പെട്ട നെല്ലിയാമ്പതിയിലെ നിവാസികൾക്ക് അടിയന്തര വൈദ്യസഹായം, ദുരന്തസ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കൽ, മഴക്കാല രോഗ നിയന്ത്രണം, ക്യാമ്പിൽ കഴിയുന്നവർക്കുള്ള വൈദ്യസഹായ പരിശോധനയും മറ്റ് സഹായങ്ങളും നൽകുന്നത്, മറ്റ് അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പഞ്ചായത്ത് തല “റാപ്പിഡ് റെസ്പോൺസ് ടീമിൻറെ” അടിയന്തരയോഗം കൂടി. യോഗം പാണഗിരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം.ലിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രിൻസ് ജോസഫ് അധ്യക്ഷനായി.

നെല്ലിയാമ്പതി വില്ലേജ് ഓഫീസർ സിയാദ് നിലവിലെ ദുരിതാശ്വാസ ക്യാമ്പിനെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ഡോ.ടി.ജി.ആനന്ദ്, ഡോ.പി. ലക്ഷ്മി എന്നിവർ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ചിത്തിരംപിള്ള കൺട്രോൾറൂമിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് ഓഫീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങുവാനും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും മഴക്കാല രോഗങ്ങൾ തടയുവാനും തീരുമാനിച്ചു.

യോഗത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി. സാബു, സനൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ സാജു , സുജിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സിറോഷ്, പാലിയേറ്റീവ് കെയർ നേഴ്സ് സീതാലക്ഷ്മി, വിദ്യ കൂനംപാലം, സിവിൽ പോലീസ് ഓഫീസർ ഷബീർ.കെ.എം , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ .ആരോഗ്യം ജോയ്സൺ, സൈനു സണ്ണി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി സാബു സ്വാഗതം ജനമൈത്രി സിവിൽ പോലീസ് ഓഫീസർ ഫിറോസ്. എം നന്ദിയും രേഖപ്പെടുത്തി.