നെല്ലിയാമ്പതിയിൽ കനത്ത മഴ; ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

—ജോജി തോമസ്–

നെല്ലിയാമ്പതി : നെന്മാറ- നെല്ലിയാമ്പതി ബസ് ഗതാഗതം പുനസ്ഥാപിച്ചു. ചുരം പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് വിണ്ട ഭാഗങ്ങളിൽ കല്ലുകൾ നിരത്തി സംരക്ഷണം ഏർപ്പെടുത്തി. മലയോട് ചേർന്ന ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ചെറുനെല്ലി ആദിവാസി കോളനിയിൽ താമസിച്ചിരുന്ന ഏഴ് കുടുംബങ്ങളിലെ 17 മുതിർന്നവരും രണ്ട് കുട്ടികളും ഉൾപ്പെടെ19 പേരെ അയിലൂർ പഞ്ചായത്തിലെ വീഴ്ലിയിൽ പൂട്ടിക്കിടക്കുന്ന ആദിവാസി വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റവന്യൂ വകുപ്പ് അധികൃതരും പട്ടികവർഗ്ഗ വകുപ്പ് അധികൃതരും ചേർന്ന് ഇവർക്ക് വേണ്ടുന്ന താമസസൗകര്യങ്ങൾ ഏർപ്പെടുത്തി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പുതപ്പ്, പായ, ഭക്ഷ്യവസ്തുക്കൾ എന്നിവ എത്തിച്ചുകൊടുത്തതായി    അറിയിച്ചു. സീതാർകുണ്ട് പലക പാണ്ടി ഭാഗത്തേക്കുള്ള റോഡിലേക്ക് മണ്ണും മരങ്ങളും മറിഞ്ഞുവീണ തടസ്സങ്ങൾ മാറ്റി താൽക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചു. പറമ്പിക്കുളം വന്യജീവി സങ്കേതം അതിരിടുന്ന വിക്ടോറിയ, അലക്സാണ്ട്ര, പോത്തുമല എസ്റ്റേറ്റുകളിലേക്കുള്ള റോഡ് മാർഗ്ഗത്തിൽ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി.

 ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് റോഡ് മാർഗ്ഗം പൂർണമായും മണ്ണും മരങ്ങളും കുത്തിയൊലിച്ച് തകർന്നതിനെ തുടർന്ന് ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായി നാശനഷ്ടം വ്യാപകമായ തോട്ടങ്ങളിൽ ഇന്നലെ തൊഴിൽ നിർത്തിവെച്ചു. കാപ്പിത്തോട്ടത്തിലെ വൻ മരങ്ങളും കാപ്പി ചെടികളും റോഡും വ്യാപകമായി മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പാടഗിരി പാരിഷ് ഹാളിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു. കഴിഞ്ഞ രാത്രിയിലും ബുധനാഴ്ച പകലും മഴ കുറഞ്ഞെങ്കിലും പൂർണ്ണമായും വിട്ടു മാറിയില്ല. ലില്ലി തേയില തോട്ടത്തിൽ ഉരുൾപൊട്ടി വ്യാപകമായി തേയില ചെടികളും ഒലിച്ചുപോയി.

നൂറടിപ്പുഴ കരകവിഞ്ഞ ഭാഗത്തെ 25 ലധികം വീടുകളും കടകളിലും വെള്ളം കയറിയത് താഴ്ന്നു. കൂനംപാലത്തിന് സമീപം നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ കൂനംപാലം ജുമാമസ്ജിദിലും മദ്രസയിലും വെള്ളം കയറിയത് താഴ്ന്നെങ്കിലും കൂനം പാലം, നൂറടി പാലം എന്നിവ മുട്ടിയൊഴുകി വെള്ളമൊഴുകുന്നുണ്ട്. നൂറടി ടൗണിലെ സർക്കാർ ആയുർവേദ ആശുപത്രിയിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.