പാലക്കാട് : ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട് പദ്ധതിയുടെ പ്രചരണാർത്ഥം ലീഡ് ബാങ്കിന്റെയും പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ പ്രിയ അജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്താ അധ്യക്ഷനായിരുന്നു. നബാർഡ് ഡിഡിഎം കവിത റാം വിശിഷ്ടാതിഥിയായിരുന്നു. ഡിജിറ്റൽ ബാങ്കിങ്ങിനെ കുറിച്ച് ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ.പി. ശ്രീനാഥ് പ്രഭാഷണം നടത്തി. ഡിജിറ്റൽ ബാങ്കിംഗ് എന്താണെന്നും അതിന്റെ ഉപയോഗത്തേക്കുറിച്ചും പരിപാടിയിൽ വിശദമായ ചർച്ച നടന്നു. മുനിസിപ്പൽ തല ബാങ്കേഴ്സ് സമിതി കൺവീനർ k.സജിത്ത് സൈബർ തട്ടിപ്പുകളെ കുറിച്ച് സംസാരിച്ചു. ജില്ലയിലെ മുതിർന്ന മാധ്യമ പ്രവർത്തകരും വിവിധ കോളേജുകളിലെ വിദ്യാർഥികളും പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചിരുന്നു. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, മലമ്പുഴ എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. മലമ്പുഴ ധോണി ലീഡ് കോളേജിലെ വിദ്യാർഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ അഡിഷണൽ ജില്ലാ മാജിസ്‌ട്രേറ്റ് കെ മണികണ്ഠൻ, ശിരസ്തദാർ ലത്തീഫ് എന്നിവർ സന്നിഹിതരായിരുന്നു. ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ പി ശ്രീനാഥ്, ലീഡ് കോളേജ് ഫാക്കൾട്ടി കൃഷ്ണ പ്രിയ, മുനിസിപ്പാലിറ്റിതല ബാങ്കേഴ്സ് സമിതി കൺവീനർ എസ് സജിത്ത്, ഡിജിറ്റൽ പാലക്കാട് പദ്ധതിയുടെ പ്രചാരണ വിഭാഗം കൺവീനറും ലീഡ് ബാങ്ക് ഓഫീസറുമായ സന്തോഷ്, വിവിധ ബാങ്ക് ഉദ്യോഗസ്ഥറും നേതൃത്വം നൽകി.
ഓഗസ്റ്റ് 15 ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡെബിറ്റ് കാർഡ്, യുപിഐ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം, യുഎസ്എസ്ഡി മുതലായ ഡിജിറ്റൽ സേവനങ്ങൾ നിലവിൽ ഇല്ലാത്ത ഇടപെടുകാർ എത്രയും പെട്ടെന്ന് അവരവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്ന് ലീഡ് ബാങ്ക് അറിയിച്ചു.