ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡും, എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ, ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിൽ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ എന്നിവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് 24 ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒഡീഷയിൽ നിന്ന് കണ്ണൂർക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
കണ്ണൂർ, അഴീക്കോട്, വളപട്ടണം, മട്ടന്നൂർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ എന്ന് അന്വേഷണോദ്യഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ യുവാവിനെതിരെ കണ്ണൂരിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനം തടയുന്നതിനായി വരും ദിവസങ്ങളിലും ആർപിഎഫും എക്സൈസും റെയിൽവേ പോലീസും ചേർന്ന് ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, റെയിൽവേ പോലീസ് ഡാൻസാഫ് സ്ക്വാഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ അജീഷ്.ഓ.കെ, റെയിൽവേ പോലീസ് ഇൻ്റലിജൻസ് അസി. സബ് ഇൻസ്പെക്ടർ സന്തോഷ് ശിവൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ മണികണ്ഠൻ.എം, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ.എസ്, രജീഷ്.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാരായണൻ.കെ.കെ , പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്.കെ, ടി.എസ്.അനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാനി.എസ് എന്നിവരാണുണ്ടായിരുന്നത്.

