പാലക്കാട് : കാരുണ്യ സഹായ പ്രവർത്തനങ്ങളും സ്ത്രീധനത്തിനെതിരെ സജീവ പ്രചരണവുമായി പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയന്റെ ഒരു കോടി അൻപത് ലക്ഷത്തി പതിനാലായിരത്തി നാന്നൂറ്റി അൻപത്തി നാല് രൂപ വരവും അത്രയും തന്നെ ചിലവും വരുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. മാരകമായ അസുഖം ബാധിച്ച സമുദായ അംഗങ്ങളെ സഹായിക്കുവാനായി കൈ കോർക്കാം ഒരു കൈത്താങ്ങായി എന്ന പദ്ധതിക്ക് യോഗം രൂപം നൽകി. സമൂഹത്തിന് ഉപകാര പ്രദം ആകുന്ന തരത്തിൽ രക്തദാന ഫോറം രൂപീകരിക്കുവാനും, അതിനായി മേഖല തിരിച്ചു ക്യാമ്പുകൾ നടത്തുവാനും തീരുമാനിച്ചു. ഓരോ കരയോഗത്തോടും അനുബന്ധിച്ചു ലൈബ്രറികൾ ആരംഭിക്കുവാനും വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി വനിത സമാജ അംഗങ്ങൾക്ക് പത്തു കോടി രൂപ വായ്പ നെല്കുന്നതിനും വനിത സംരംഭങ്ങൾ ആരംഭിക്കുവാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു.
ഭവന നിർമ്മാണ ധന സഹായം, വിവാഹ, ചികിത്സ, വിദ്യാഭ്യാസ, വാർദ്ധക്യകാല പെൻഷൻ സഹായങ്ങൾ നൽകുവാനും ബഡ്ജറ്റിൽ തുക വകയിരുത്തിയിരിക്കുന്നു. കരയോഗങ്ങൾ പൂർണ്ണമായി പ്രവർത്തന സജ്ജമാക്കി കൊണ്ടും കൂടുതൽ കരയോഗങ്ങൾ രൂപികരിക്കുവാനും, ബാലകലോത്സവം, വനിത കലാ മേള, ആതിര മഹോത്സവം, മേഖല സമ്മേളനങ്ങൾ, വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസുകൾ, വിവിധ ശില്പശാലകൾ എന്നിവയും ബഡ്ജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.നാമകരണം മുതൽ ശ്രാദ്ധം വരെയുള്ള ചടങ്ങുകൾ ക്രോഡീകരിച്ചുകൊണ്ട് ആചാര പദ്ധതി എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
യൂണിയൻ ഭാരവാഹികൾ ആയ യു നാരായണൻകുട്ടി, ടി മണികണ്ഠൻ, എം ഉണ്ണികൃഷ്ണൻ, ആർ ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്, പി നടരാജൻ,ആർ ശ്രീകുമാർ,എ അജി,പി സന്തോഷ് കുമാർ,കെ പി രാജഗോപാൽ,വി ജയരാജ്,കെ ശിവാനന്ദൻ, സി വിപനചന്ദ്രൻ, എം സുരേഷ് കുമാർ,ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി, വി രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.