നെന്മാറ: കാർഷിക വായ്പയെടുത്ത് വിളയിറക്കിയ വനിതാ കർഷകർ ഉൾപ്പെടെ നിരവധി പേർക്ക് ബാങ്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 2018 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് വിളയിറക്കിയ കൃഷി നശിക്കുകയും വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്ത കർഷകർക്ക് വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ ഒരു വർഷത്തേക്ക് വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കൊറോണ വ്യാപനവും അതേ തുടർന്ന് വീണ്ടും വായ്പാ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അയിലൂർ യൂണിയൻ ബാങ്ക് കർഷകർക്ക് മോറട്ടോറിയം ആനുകൂല്യങ്ങളോ പലിശ പിഴപ്പലിശ ആനുകൂല്യങ്ങളോ നൽകാതെ തുടർച്ചയായി നോട്ടീസ് നൽകി. സർക്കാർ തീരുമാനങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും 4 ശതമാനം നിരക്കിലുള്ള വായ്പ 11 ശതമാനമായി ഉയർത്തുകയും വില്ലേജ് അധികൃതർ മുഖേന ജപ്തി നടപടികൾ ആരംഭിക്കുകയും ചെയ്തതായി കർഷകർ പരാതിപ്പെട്ടു. വിളവെടുപ്പ് സീസൺ അല്ലാത്ത സമയത്ത് ജപ്തി നടപടികളുമായി ബാങ്ക് അധികൃതർ മുന്നോട്ടുവന്നത് കർഷകരോടുള്ള അവഹേളനമാ ണെന്ന് കർഷകർ പരാതിപ്പെട്ടു. ബാങ്ക് അധികൃതരെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും പലിശയിൽ ഇളവ് തരാൻ ബാങ്ക് അധികൃതർ തയ്യാറായില്ലെന്ന് കർഷകർ പറഞ്ഞു. മേഖലയിൽ നൂറോളം കർഷകർക്ക് ഇത്തരത്തിൽ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. കേന്ദ്രസർക്കാറിന്റെ കാർഷിക വായ്പ നയപ്രകാരം നാല് ശതമാനം പലിശയ്ക്ക് എടുത്ത ഒരു ലക്ഷം രൂപ രണ്ടുവർഷത്തോളം സർക്കാർ മോറട്ടോറിയം ഉണ്ടായിട്ടും 11 ശതമാനം പലിശയും പിഴപ്പലിശയും ഉൾപ്പെടെ 149634 രൂപയായി ഉയർന്നതായി കർഷകർ പറയുന്നു. ബന്ധപ്പെട്ട അധികാരികളുംമറ്റും ഇടപെട്ട് കാർഷിക വായ്പയ്ക്ക് പലിശ ഇളവും സാവകാശവും അനുവദിച്ച് കർഷകരെ ജപ്തി ഭീഷണിയിൽ നിന്ന് ഒഴിവാക്കി തരണമെന്നാണ് കർഷകരുടെ ആവശ്യം.