നെല്ലിയാമ്പതിക്കാരുടെ നെറ്റ്‌വർക്ക് നിയന്ത്രണം എസ്റ്റേറ്റ് തൊഴിലാളികളുടെ ഔദാര്യത്തിൽ

നെല്ലിയാമ്പതി : വൈദ്യുതി നിലച്ചാൽ നെല്ലിയാമ്പതിയിലെ നെറ്റ്‌വർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലായിട്ട് മാസങ്ങളായി. ബന്ധപ്പെട്ട മൊബൈൽ സേവനദാതാക്കൾ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുന്നതിന് പരിഹാര നടപടികൾ സ്വീകരിക്കുന്നില്ല. നെല്ലിയാമ്പതിയിൽ കൈകാട്ടിയിലും സീതാർകുണ്ടിലുമാണ് മൊബൈൽ ടവർ ഉള്ളത്. ഈ ടവറുകൾ കൊണ്ട് പഞ്ചായത്തിലെ പകുതിയിൽ താഴെ പ്രദേശങ്ങൾ മാത്രമേ നെറ്റ്‌വർക്ക് പരിധിയിൽ വരുകയുള്ളൂ. സീതാർ കുണ്ടിലുള്ള മൊബൈൽ ടവറിൽ വൈദ്യുതി നിലച്ചാൽ നെറ്റ്‌വർക്ക് നിലയ്ക്കുന്ന അവസ്ഥയാണ്. സ്ഥിരമായി വൈദ്യുതി തടസ്സം അനുഭവപ്പെടുന്ന നെല്ലിയാമ്പതിയിൽ മൊബൈൽ ടവറുകളുടെ കൂടി പ്രവർത്തനം നിശ്ചലമാകുന്നത് മേഖലയിൽ അത്യാഹിതം സംഭവിച്ചാൽ കൂടി പുറംലോകത്തെ അറിയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികളും പുറംലോകവുമായി ബന്ധപ്പെടാനാവാതെയും ഗൂഗിൾ മാപ്പ്, ജി.പി.എസ് തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ കഴിയാതെയും വഴിതെറ്റി വനമേഖലയിലും എസ്റ്റേറ്റ് റോഡുകളിൽ കുടുങ്ങുന്നത് പതിവാണ്. റിസോർട്ടുകളിൽ താമസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളും നെറ്റ് വർക്ക് നഷ്ടപ്പെടുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറയുന്നു.

  വൈദ്യുതി നിലയ്ക്കുന്നതോടെ മൊബൈൽ ടവറിലുള്ള ബാറ്ററിയും ഓഫ് ആയി പോകുന്നതും ജനറേറ്റർ സ്വയം പ്രവർത്തിക്കാത്തതുമാണ് നെറ്റ്‌വർക്ക് തടസ്സത്തിന് പ്രധാന കാരണം. വിദൂര പ്രദേശങ്ങളായതിനാൽ നെറ്റ്‌വർക്ക് സേവന ദാദാക്കളുടെ ടവർ പരിപാലന കരാർ സ്ഥാപനങ്ങൾ കാലാകാലങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടാൽ പ്രവർത്തിക്കേണ്ട ഇൻവെർട്ടർ ബാറ്ററിയും നിശ്ചിത സമയത്തിന് ശേഷം സ്വയം പ്രവർത്തനം ആരംഭിക്കേണ്ട ജനറേറ്ററും പരിപാലനം നടത്തി പ്രവർത്തന ക്ഷമമാകാത്തതാണ് വൈദ്യുതി നിലച്ചാൽ നെറ്റ് വർക്ക് നഷ്ടപ്പെടുന്നതിന് കാരണം. വൈദ്യുതി തിരിച്ചുവന്നാലും മൊബൈൽ ടവറുകൾ വീണ്ടും സ്വയം പ്രവർത്തിക്കാറില്ല. സീതാർകുണ്ടിലെ ടവറിൽ ഇത്തരത്തിൽ സ്വയം പ്രവർത്തിക്കുന്ന സംവിധാനം തകരാറിലായതിനാൽ പ്രദേശത്തെ എസ്റ്റേറ്റ് തൊഴിലാളികളെയാണ് ടവർ ഓൺ ചെയ്യാൻ ഏർപ്പാട് ചെയ്തിരിക്കുന്നത്. അവർ അടുത്ത ദിവസം രാവിലെ മാത്രമേ ടവറുകൾ വീണ്ടും ഓൺ ചെയ്യാൻ തയ്യാറാവുകയുള്ളൂ. ഇതാണ് പ്രധാന പ്രശ്നം എന്ന് റിസോർട്ട് മേഖലയിലുള്ളവർ പറയുന്നു. സീതാർ കുണ്ടിലുള്ള മൊബൈൽ ടവറിലാണ് പ്രശ്നം കൂടുതൽ. മൊബൈൽ ടവറിലെ ബാറ്ററി വൈദ്യുതി നിലയ്ക്കുന്നതോടെ ഓഫ് ആയി പോകുന്നതിനാൽ  

നെല്ലിയാമ്പതി പഞ്ചായത്തിലെ പകുതി പ്രദേശങ്ങളിലും മൊബൈൽ കവറേജും നെറ്റ് സേവനങ്ങളും ലഭ്യമല്ലാതാവും. കൊറോണയെ തുടർന്ന് കഴിഞ്ഞ അധ്യയന വർഷം മുതലാണ് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളെ ആശ്രയിക്കാൻ തുടങ്ങിയത്. ഓൺലൈൻ ക്ലാസുകൾക്ക് മുഖ്യപ്രതിസന്ധി നെല്ലിയാമ്പതിയിലെ നെറ്റ്‌വർക്ക് കവറേജ് ആയിരുന്നു. ഇതിന് പരിഹാരമായി സ്വകാര്യ നെറ്റ്‌വർക്ക് ദാദാക്കളെ നെല്ലിയാമ്പതികൾ പ്രത്യേക സൗകര്യം ഒരുക്കി കൈകാട്ടിയിൽ ടവർ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടവും എം.എൽ.എ.യും മുൻകൈയെടുത്തിരുന്നു.