മലമ്പുഴ: മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. രാവിലെ 9.30 വന്ന് ടോക്കൻ എടുത്താൽ ഡോക്ടറെ കാണാൻ പറ്റുന്നത് ചിലപ്പോൾ ഉച്ചക്ക് രണ്ടു മണിക്കു ശേഷമായിരിക്കും. ആകെ രണ്ടു ഡോക്ടർമാരാണ് ഉള്ളത്. ഒരാൾ രാവിലേയും ഒരാൾ ഉച്ചക്കു ശേഷവുമാണ് – ഡ്യൂട്ടിക്കെത്തുന്നത്. ഇതു മൂലം ഫലത്തിൽ ഒരു ദിവസം ഒരു ഡോക്ടറുടെ സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്.മഴക്കാലമായതോടെ ചുമയും പനിയും ഛർദ്ദിയുമായി എത്തുന്ന രോഗികൾ ഡോക്ടറെ കാണാൻ വൈകും തോറും കൂടുതൽ അവശരാവുകയാണ്.
രാവിലെ തന്നെ നൂറിൽ പരം രോഗികൾ ഇവിടെയെത്തുന്നു. രണ്ടു ഡോക്ടർ മാർക്കും മുഴുവൻ സമയം ജോലി നൽകുക, കൂടുതൽ ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ നാട്ടുകാർ ഉന്നയിക്കുന്നു. തൊട്ടതിനും പിടിച്ചതിനു മൊക്കെ സമരം നടത്തുന്ന രാഷ്ട്രീയക്കാരോ , പൊതു പ്രവർത്തകരോ ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണെന്നന്ന് രോഗികൾ ഒന്നടങ്കം പറയുന്നു.