പാലക്കാട്: ഈ പോസ് മെഷീൻ സംവിധാനത്തിലൂടെ റേഷൻ കടകളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ .എം. അബ്ദുൽ സത്താർ .വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിച്ച് ഉടൻ നടപ്പിലാക്കുക ,കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനർ സ്ഥാപിക്കുക, കേന്ദ്ര വേതന വിഹിതം വർദ്ധിപ്പിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരിസംയുക്ത സമിതി നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് എല്ലാവരും അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോൾ തങ്ങൾ റേഷൻ വിതരണം ചെയ്തവരാണ്. നൂറിൽ പരം റേഷൻ വ്യാപാരികൾ കോവിഡ് ബാധിച്ചു മരിച്ചിട്ടും സർക്കാർ അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡൻറ് വി. പി .രഘുനാഥൻ അധ്യക്ഷനായി .ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, എസ്. ഗണേശൻ, നവാസ് മങ്കര, അബ്ദുൾ നാസർ, എച്ച് .റാഫി എന്നിവർ പ്രസംഗിച്ചു.