മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് പരിധിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാടുകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്ന് പരാതി. ഒട്ടേറെ വിനോദസഞ്ചാരികളും ഗവർമെൻറ് ഹൈസ്കൂൾ, നേഴ്സിങ് സ്കൂൾ ,ഐ ടി ഐ തുടങ്ങി പരിസരത്തെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഇരുചക്ര വാഹനക്കാർക്കും ഈ തെരുവുമാടുകൾ ശല്യവും അപകടവും വരുത്തിവെച്ചിരിക്കുകയാണ് .ഒട്ടേറെ തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മലമ്പുഴ ഐടിഐ കോമ്പൗണ്ടിൽ കയറിയ തെരുവ് മാടുകൾ കുട്ടികളെ ഇടിച്ചു വീഴ്ത്തുകയും കുട്ടികളുടെ കൈ ഒടിയുകയും ചെയ്തതായി ഐടിയിലെ ജീവനക്കാരൻ പറഞ്ഞു.ഐ ടി ഐ യുടെ ഗേറ്റ് അടച്ചിടേണ്ട ഗതികേടാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിരാവിലെ ഐടി ഐ ക്കു മുന്നിൽ വന്ന് ബസ്സ് ഇറങ്ങുന്ന സമയത്ത് ഗെയ്റ്റിൽ തമ്പടിച്ചിരിക്കുന്ന മാടുകൾ ബസ് ഇറങ്ങിവരുന്ന കുട്ടികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ചു കെട്ടി ഉടമസ്ഥനിൽ നിന്നും പിഴ ഈടാക്കി മൃഗങ്ങളെ വിട്ടുകൊടുക്കണമെന്ന് നിയമം ഉണ്ടെങ്കിലും പരാതി പറഞ്ഞു ചെല്ലുന്നവരോട് മൃഗങ്ങളെ ഇവിടെ കെട്ടാൻ സ്ഥലമില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കൈയൊഴിയുകയാണെന്നും പരാതിയുണ്ട്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാടുകളെ പിടിച്ചു കെട്ടാനുള്ള സംവിധാനം പഞ്ചായത്തിൽ ഉണ്ടാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. ഒട്ടേറെ വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും വരുന്ന ഈ പ്രദേശത്തെ അപകടങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ മുൻകൈയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.