– – – പി.വി.എസ് —–പാലക്കാട്: ജില്ലയിലും സംസ്ഥാനത്തും ഏറെ ശ്രദ്ധേയമായിരുന്ന “ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം” പദ്ധതി പ്രവർത്തനം വീണ്ടും ഊർജ്ജിതമായതോടെ പുതുപ്പരിയാരം പഞ്ചായത്ത് ശുചിത്വ രംഗത്ത് വീണ്ടും മാതൃകയാവുന്നു. . . വലിച്ചെറിയൽ മുക്ത കേരളം, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നതായിരുന്നു ശനിയാഴ്ച്ച ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി തുടക്കം കുറിച്ച പ്രവർത്തനങ്ങൾ. പുതുപ്പരിയാരം പഞ്ചായത്തിൽ അജൈവ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയും ജൈവ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശുചിത്വ സേനയും ഒന്നു ചേർന്ന് ലോക ഭൗമദിനത്തിൽ താണാവ് ജംഗ്ഷനിലേയും സമീപ പ്രദേശങ്ങളിലേയും മാലിന്യക്കൂമ്പാരങ്ങളും ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഭാഗത്ത് വലിച്ചെറിയപ്പെട്ട മാലിന്യങ്ങളും പൂർണ്ണമായും എടുത്തുമാറ്റി ശുചീകരിച്ചു. ജൈവ മാലിന്യങ്ങളോടൊപ്പം കലർന്ന് കിടന്ന അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളെ തരം തിരിച്ച് മാറ്റിയെന്നത് ഏറെ സവിശേഷതയാർന്ന ശുചീകരണ പ്രവർത്തനമായി. കുന്നു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയെ കാർന്ന് തിന്നാൻ അനുവദിക്കില്ലെന്ന് അവർ പ്രവൃത്തി കൊണ്ട് പ്രതിജ്ഞ ചെയ്യുകയായിരുന്നു. വലിച്ചെറിയപ്പെട്ട മാലിന്യങ്ങൾ മാറ്റിയതിനോടൊപ്പം പ്ലാന്റിലെ ആ ഭാഗം പൂർണ്ണമായും വൃത്തിയാക്കി അവിടെ അവർ കൂട്ടായി തൈ നടുകയും ചെയ്തു. ജീവൻ നിലനിർത്തി ഭൂമിയെ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങളുടെ കാൽ വെയ്പ് മാത്രമാണിതെന്നും വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക്ക് മാലിന്യ വാതിൽപ്പടി ശേഖരണത്തോടും സ്ഥാപനങ്ങളിലെ ജൈവ മാലിന്യ ശേഖരണത്തോടുമൊപ്പം ഇത്തരത്തിലുള്ള പൊതുവായ പ്രവർത്തനങ്ങൾ തുടർന്നും നടത്തുകയാണ്ഉദ്ദേശമെന്നും ഭൗമദിനത്തിൽ ഇതിന് ആരംഭം കുറിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും സേനാംഗങ്ങൾ പറഞ്ഞു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ഭൗമദിന സന്ദേശം നൽകി. ഹരിത കർമ്മ കൺസോർഷ്യം പ്രസിഡന്റ് മാലതി. കെ., സെക്രട്ടറി സുജാത. എ., ശുചിത്വ സേന സാരഥികളായ റീന. പി.കെ., ലളിത. വി.എസ്, ഹരിദാസൻ . പി.എം. തുടങ്ങിയവർ നേതൃത്വം നൽകി. ക്ലീൻ.. ഗ്രീൻ പദ്ധതികളുടെ പ്രവർത്തനം എല്ലാ വാർഡുകളിലും വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. ബിന്ദു അറിയിച്ചു.