നെന്മാറ: നെന്മാറ വനം ഡിവിഷനിലെ വിവിധ മേഖലകളിലായി തുടർച്ചയായ മൂന്നാം ദിവസവും കാട്ടുതീ പടർന്നു. തിരുവഴിയാട് സെക്ഷനിലെ തളിപ്പാടം ഭാഗത്താണ് ബുധനാഴ്ച കാട്ടുതീ പടർന്നത്. പൊതുമരാമത്ത് റോഡിനോട് ചേർന്ന ഭാഗത്തുനിന്നാണ് വനമേഖലയിലേക്ക് തീ പടർന്നതെന്നും പൊതുജനങ്ങളുടെ ജാഗ്രത കുറവാണ് കാട്ടുതീ കാട്ടിൽ തീപിടിക്കാൻ കാരണമായതെന്നും വനം ജീവനക്കാരും വാച്ചർമാരും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വന മേഖലയിൽ നിന്നും പുക ഉയർന്നത് കണ്ട വാച്ചർമാർ വിവരം അറിയിച്ചതിനെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് അഭിലാഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രതീഷ്, പ്രേംദാസ് എന്നിവരെ കൂടാതെ കരിമ്പാറ, കൽച്ചാടി, പൂഞ്ചേരി, പുത്തൻചള്ള, കയറാടി, അയിലമുടി, പോത്തുണ്ടി തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ മുപ്പതോളം വാച്ചർമാരുടെ സഹായത്തോടെയാണ് നാലുമണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. വനം വകുപ്പിന്റെ കയ്യിൽ ഉണ്ടായിരുന്ന ബ്ലോവർ ഉപയോഗിച്ച് കാട്ടുതീ പടരുന്നതിനു മുന്നോടിയായി സ്ഥലങ്ങളിലെ കരിയിലകളും മറ്റും മാറ്റിയാണ് തീ പടരുന്നത് തടഞ്ഞത്. വനം വകുപ്പിന് ഇപ്പോഴും കാട്ടുതീ അണക്കാൻ പച്ചിലക്കമ്പുകൾ തന്നെയാണ് വാച്ചർ മാരുടെ പ്രധാന ആശ്രയം. നല്ല ചൂടുള്ള സമയത്ത് കാറ്റും ഉള്ളതിനാൽ 35 ഏക്കറോളം പ്രദേശത്തേക്ക് തീ പടർന്നു. വനം വകുപ്പ് വളരെ ജാഗ്രതയോടെയാണ് ചെങ്കുത്തായ പ്രദേശങ്ങളിൽ തീ നിയന്ത്രണവിധേയമാക്കിയത്. ഇത് നെല്ലിയാമ്പതി വനമേഖലയിലേക്കുള്ള തീ പടരുന്നത് ഒഴിവാക്കി. കഴിഞ്ഞദിവസം പുത്തൻ ചള്ള മേഖലയിലും ചെറിയതോതിൽ തീപിടുത്തം ഉണ്ടായിരുന്നു. വാച്ചർ മാരുടെ സമയോചിത ഇടപെടൽ മൂലം രണ്ടു മണിക്കൂർ കൊണ്ട് തീ കെടുത്തിയതായി വനം ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച നെന്മാറ ആതനാട് കുന്നിൻ ചെരുവിലെ വനമേഖലയിൽ തീപിടുത്തം ഉണ്ടായി. ഇതോടെ തുടർച്ചയായി മൂന്നാം ദിവസവും നെല്ലിയാമ്പതി വനം റേഞ്ചിലെ വിവിധ പ്രദേശങ്ങളിലായി കാട്ടുതീ പടരുകയായിരുന്നു. പ്രദേശങ്ങളിൽ ഫയർ ലൈൻ തെളിയിക്കലും ജാഗ്രതാ സമിതികൾ രൂപീകരിക്കലും പ്രദേശവാസികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തലും കഴിഞ്ഞെങ്കിലും വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിലേക്ക് കാട്ടുതീ തുടർച്ചയായി ഉണ്ടാകുന്നത് ഏറെ ജാഗ്രത നൽകേണ്ട സ്ഥിതി തുടരുന്നതായും പ്രദേശവാസികൾ പറഞ്ഞു.