കമുങ്ങിൻ തൈകളിൽ പൂങ്കുല ചാഴി രോഗം വ്യാപകമാകുന്നു

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കവുങ്ങിൻ തോട്ടങ്ങളിൽ പൂങ്കുല ചാഴിരോഗം പടർന്നു പിടിക്കുന്നതായി കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കപ്പൂർ കൃഷിഭവന് കീഴിലുള്ള തോട്ടങ്ങളിലാണ് ഇത്തരം രോഗവ്യാപനം ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത്. കപ്പൂർ കൃഷി ഓഫീസർ ഷഹന ഹംസ ഇക്കാര്യം സ്ഥിരീകരിച്ചു. കൊഴിക്കരയിലും സമീപ പ്രദേശങ്ങളിലും രോഗം ബാധിച്ച കമുങ്ങ് തോട്ടം അവർ സന്ദർശിച്ചു. ഒന്നര വർഷം പ്രായമായ അത്യുൽപാദന ശേഷിയുള്ള മോഹിത് നഗർ ഇളം കമുങ്ങ് തൈകളിലാണ് കീടബാധ കൂടുതലും കണ്ട് വരുന്നത്. തവിട്ട് നിറത്തിലുള്ള പാടുകൾ കൂമ്പിൽ കാണുന്നതോടപ്പം ഇല ഉണങ്ങി കൊഴിഞ്ഞ് പോകുന്നതാണ് രോഗ ലക്ഷണം. കമുങ്ങിന്റെ കൂമ്പിലയിൽ നിന്നും നീര് ഊറ്റി കുടിക്കുന്ന പ്രാണികളെ ഏറ്റവും അകത്തെ ഇലക്കവിളുകളിൽ കാണാനാവും. മലപ്പുറം ജില്ലയിലെ ആലംകോട്, വട്ടംകുളം പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷം ഈ രോഗം ഉണ്ടായിരുന്നതായി അനുഭവസ്ഥരായ കർഷകർ പറയുന്നു. സമാന രീതിയിലുള്ള രോഗം തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിലും ഉണ്ടായിരുന്നതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു

നിയന്ത്രണ മാർഗ്ഗങ്ങൾ:
രൂക്ഷമായ കീടബാധയുണ്ടങ്കിൽ ഡൈമെ തൊയേറ്റ് 30 ഈ സി (1.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ) നല്ല വണ്ണം കലക്കി തളിക്കുക. ഈർപ്പമില്ലാത്ത ചപ്പ് ചവറുകൾ കൂട്ടിയിട്ട് ചെറിയ തോതിൽ കവുങ്ങിൻ തോട്ടങ്ങളിൽ തീയിടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ അകറ്റി നിർത്താൻ സാധിക്കുമെന്ന് പഴയ തലമുറയിലെ വയോധികരായ കർഷകർ പറഞ്ഞു.