പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ രണ്ടാം വില്ലേജിൽ കരിങ്കൽ ക്വാറിയിൽ വൻ റെയ്ഡ്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിൻ്റെ വിലക്കും അവഗണിച്ച്, കരിങ്കൽ ഖനനം നടത്തിവന്നിരുന്ന ക്വാറിയിലാണ് ചൊവ്വാഴ്ച പുലർച്ചെ റവന്യൂ സ്ക്വാഡ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 72 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.
പട്ടാമ്പി തഹസിൽദാരുടേയും ഒറ്റപ്പാലം സബ് കലക്ടറുടേയും നേതൃത്വത്തിലുള്ള റവന്യൂ സ്ക്വാഡുകളുടെ സംയുക്ത പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. നാട്ടുകാരുടെ വ്യാപക പരാതിയെത്തുടർന്ന് ജില്ലാ കലക്ട്രേറ്റിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്നായിരുന്നു റെയ്ഡ്. പട്ടാമ്പി തഹസിൽദാർ ടി.പി കിഷോർ, ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.സി. കൃഷ്ണകുമാർ, പി.ആർ മോഹനൻ, വില്ലേജ് ഓഫീസർ യു.റഹ്മത്ത്, ഒ. പ്രകാശൻ, എസ്.സെബാസ്റ്റ്യൻ എന്നിവരടങ്ങിയ റവന്യൂ ടീമാണ് പരിശോധന നടത്തിയത്.