മലമ്പുഴയിൽ മാലിന്യകൂമ്പാരങ്ങൾ: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകത്തിച്ച് വിഷപുക പരത്തുന്നു

മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ മാലിന്യ കൂമ്പാരങ്ങൾ. കാർ പാർക്കിംഗ് പരിസരത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരം കിടക്കുന്നത് .പരിസരത്തെ ഹോട്ടലുകാരും കച്ചവടക്കാരും ആണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു .മലമ്പുഴ ഡാമിൻറെ ക്ലീനിങ് തൊഴിലാളികളും മലമ്പുഴ പഞ്ചായത്തിന്റെ ഹരിത സേന കർമാംഗങ്ങളും ഉള്ളിടത്താണ് വേണ്ട വിധത്തിൽൽ മാലിന്യസംസ്കരണം നടക്കാത്തത് .ഈ പരിസരം ഡാം അധികൃതരുടെ പരിധി ‘ആയതുകൊണ്ട് പഞ്ചായത്ത് അധികൃതർ ഈ പ്രദേശത്തേക്ക് ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. പഞ്ചായത്തിന്റെ അധീനതയിൽ അല്ലെങ്കിലും പഞ്ചായത്തിൽ നിറയുന്ന മാലിന്യങ്ങൾ പഞ്ചായത്ത് ആരോഗ്യവകുപ്പ് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോഴൊക്കെ ഇവിടെ മാലിന്യങ്ങൾ കത്തിക്കാറുണ്ട്. പ്ലാസ്റ്റിക് കത്തിച്ച പുക ശ്വസിക്കുന്നവരിൽ പലരും, വിനോദസഞ്ചാരികൾ അടക്കം ശ്വാസ തടസ്സം നേരിടാറുണ്ടെന്ന് കാർ പാർക്കിലെ ജീവനക്കാരൻ പറയുന്നു. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കാൻ പാടില്ലെന്ന നിയമത്തെ കാറ്റിൽ പറത്തി കൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത്. ഇവർക്കെതിരെ നടപടിയെടുക്കാൻ യാതൊരു അധികാരികളും തയ്യാറാവുന്നില്ലെന്ന ആക്ഷേപം നാട്ടുകാരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. രാഷ്ട്രീയ സമ്മർദ്ദം ആണ് നടപടിയെടുക്കാൻ അധികാരികൾക്ക് തടസ്സം ആകുന്നതെന്നും പരക്കെ പറയുന്നുണ്ട് .ഇതിനെതിരെ ശക്തമായ നടപടിയെടുത്ത് മലമ്പുഴ പരിസരത്തെ നാട്ടുകാരുടെയും കച്ചവടക്കാരുടെയും മലമ്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികളുടെയും ആരോഗ്യ സംരക്ഷണം പഞ്ചായത്ത് ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു