കൂട്ടുകാരാ !
നീ എപ്പോഴെങ്കിലും
സ്വന്തം പട്ടടയിൽ
അഗ്നിപുതച്ച് കിടന്നിട്ടുണ്ടോ?
സ്വന്തം
അസ്ഥികൾ പൊട്ടുന്ന ശബ്ദം കേട്ടിട്ടുണ്ടോ?
നിലാവിന്റെ
വറ്റിയ തൊണ്ടയിൽ നിന്നും
പ്രണയിനികൾ ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ടോ?
പട്ടിണി പെരുത്ത്
പകലറുതികളെ തിന്നുതീർക്കുന്നവരെ കണ്ടിട്ടുണ്ടോ?
ഊമകളുടെ
ആകാശഗർജ്ജനം കേട്ടിട്ടുണ്ടോ?
കണ്ണില്ലാത്തവന്റെ ഇരുട്ടിലൂടെ സൂര്യനുദിച്ചുവരുന്നത് കണ്ടിട്ടുണ്ടോ?
കാത്തുവെച്ചിട്ടും കാര്യമില്ലെന്നോർത്ത് കന്യകമാർ കന്യകാത്വം സ്വയം മാന്തിപ്പറിച്ച് ഭൂമിക്കടിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ടോ?
നിന്റെ കവിതയുടെ മഴച്ചെരുവിൽ പെൺകിടാങ്ങളുടെ കുഞ്ഞുജഡങ്ങൾ തൂങ്ങിയാടുന്നത് കണ്ടിട്ടുണ്ടോ?
വ്യഭിചാരത്തിന് ശേഷം
തെരുവ് പെണ്ണ് ഇരുട്ടിൽ
ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടോ?
ഹൃദയത്തിന്റെ ഏതെങ്കിലും ഒരു മിടിപ്പിൽ
പ്രിയതമയുടെ ശബ്ദം നീ കേട്ടിട്ടുണ്ടോ?
അവളുടെ ഒറ്റചുംബനത്തിൽ ചിറകുവെച്ച് പറന്നിട്ടുണ്ടോ?
മഴയുടെ ഇരുട്ട് കേറിയ ത്രിസന്ധ്യകളിൽ
മരണം നിന്നെയും കാത്ത്
പടി ചാരി നില്ക്കുന്നത് കണ്ടിട്ടുണ്ടോ?
എങ്കിൽ
നിന്റെ കവിതയുടെ കടൽഗർത്തങ്ങളിൽ
വാക്കിന്റെ ചെമ്പവിഴങ്ങളെ നിനക്ക് കാണാം !
പ്രണയത്തിന്റെ നീലരത്നങ്ങൾ നിന്റെ കണ്ണിലൂടെ പറക്കുന്നത് കാണാം
മേഘങ്ങൾക്കിടയിൽ നിന്നും നക്ഷത്രങ്ങളെ വാരിയെടുക്കാം
നിന്റെ കവിതയുടെ ആകാശത്ത് പുത്തനാശയങ്ങളുടെ ഇടിമുഴക്കങ്ങൾ കേൾക്കാം !
എഴുതുക !
എഴുത്താണി
വിരലിലെ
മാംസത്തിലൊട്ടിപ്പിടിയ്ക്കും വരെ !!