പട്ടാമ്പിയുടെ മനം കവർന്ന് രാജസ്ഥാനി നൃത്ത സംഘം ആടിപ്പാടി

വീരാവുണ്ണി മുള്ളാത്ത്

പട്ടാമ്പി: പട്ടാമ്പി ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ യുവഹൃദയങ്ങൾക്ക് ആവേശം പകർന്ന് രാജസ്ഥാനി നൃത്ത സംഘം ആടിയും പാടിയും അരങ്ങിൽ അവിസ്മരണീയാനുഭൂതി സമ്മാനിച്ചു. സ്പിക്മാക്കെ നോർത്ത് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കലകളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുന്നശ്ശേരി നമ്പിയുടെ കാമ്പസിൽ സംഘം എത്തിയത്. പ്രശസ്ത രാജസ്ഥാനി ഡാൻസർ സുറംനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിൻ്റെ മനം കവർന്നത്. കരൺ നാഥ്, ഉമർഖാൻ എന്നിവർ സംഗീതത്തിലും, ഇഖ്ബാൽ ഖാൻ ദോലക്കിലും, സാഗിർഖാനും 7 വയസ്സുകാരൻ രാകേഷ് നാഥും കർത്താളിലും, ഒരുക്കിയ നൃത്തസംഗീത വിരുന്ന് ഒന്നര മണിക്കൂർ നീണ്ടുനിന്നു. പ്രശസ്ത ഭവായ് നർത്തകി രേഖ സഫേര, കൽബേലിയ ഡാൻസർ ദീപിക സഫേര എന്നിവർ ഭവായ്, കൽബേലിയ നൃത്തവും അവതരിപ്പിച്ചു.
കോളേജ് അധ്യാപകൻ കെ.ബി റോയ്, സ്പീക് മാകെ കോ ഓഡിനേറ്റർ തടം പരമേശ്വരൻ, സംസ്ഥാന കോ ഓഡിനേറ്റർ ഉണ്ണിവാരിയർ, അധ്യാപിക അഞ്ജലി എന്നിവർ സംസാരിച്ചു.