ലഹരി വിരുദ്ധ സന്ദേശവുമായി യുവാക്കളുടെ ഷൂട്ടൗട്ട്മത്സരം

കൂറ്റനാട് : ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് യുവാക്കളുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മതുപ്പുള്ളിയിൽ കുട്ടികളും യുവാക്കളും ചേർന്ന് പുതുതായി രൂപവൽക്കരിച്ച മതുപ്പുള്ളി , പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ അയൽപ്രദേശങ്ങളിൽ നിന്നുള്ള 18 ടീമുകൾ പങ്കെടുത്തു. ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരം കാണാൻ അയൽ ഗ്രാമങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് ഫുട്ബോൾ പ്രേമികൾ എത്തിയിരുന്നു. പങ്കെടുക്കുന്ന ടീമുകളും, കളിക്കാരും , നാട്ടുകാരും, കാണികളും , സംഘാടകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സഹൃദയ ലൈബ്രറി പ്രസിഡന്റ് സി.മൂസ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഷൂട്ടൗട്ട് മത്സരം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.പി. മണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.എം. സലീം, ഇ.വി.മുഹമ്മദ് മനോജ്, പി. ഹനീഫ ഹൈദരലി, ക്ലബ്ബ് സെക്രട്ടറി സി.പി. ഷക്കീർ, പ്രസിഡന്റ് പി.ഷാജി, എ.ഷമീർ , എ.അബ്ദുൾ ഗഫൂർ, സി.പി. സലാം, സി.കെ. ഷമീർ , വി.വി. സലീം, മുത്തു എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം എം.കെ. ഷൗക്കത്തലി, എം.കെ. മൊയ്തുണ്ണി, വി.വി. സലീം, എ. കബീർ പി.വി.ഹസ്സൻ എന്നിവർ നൽകി. 18 ഫുട്ബോൾ ടീമുകളെ അണിനിരത്തി ലഹരി വ്യാപനത്തിനെതിരെ നടത്തിയ യുവാക്കളുടെ താക്കീത് മതുപ്പുള്ളി – പെരിങ്ങോട് ഗ്രാമത്തിന് വേറിട്ട അനുഭവമായി മാറി.