— അസീസ് മാസ്റ്റർ —
അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസിനെ മതനിരപേക്ഷ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കേരളത്തില്‍ ഏറ്റവും പ്രയത്നിച്ച നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്. അന്ത്യാഞ്ജലിയേകാന്‍ ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകൾ തന്നെ മതിയാവും അദ്ദേഹം ജനഹൃദയങ്ങളില്‍ എങ്ങനെയായിരുന്നുവെന്നതിന് തെളിവായിട്ട്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനിയായിരുന്നു ആര്യാടന്. ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും മികവിന്റെയും ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. മതനിരപേക്ഷതയോടുള്ള കൂറും പ്രതിബദ്ധതയും ജീവിതത്തിലുടനീളം വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. സഖ്യകക്ഷിയായ മുസ്ലിം ലീഗ് പോലും ആര്യാടന്റെ നാവ് കൊണ്ട് പലവട്ടം പൊള്ളിയിട്ടുണ്ട്. രാഷ്ടീയ എതിരാളികള്‍ പോലും പറയാന്‍ മടിച്ചിരുന്നപ്പോള്‍, ആര്യാടന് തന്റെ രാഷ്ട്രീയത്തില്‍ മതത്തിനും ജാതിക്കും മുന്തിയ പരിഗണന നല്‍കിയില്ല. മുസ്ലിം ലീഗ് പ്രസിഡന്റായ പാണക്കാട് തങ്ങളെ ആത്മീയ നേതാവായി താന്‍ കാണുന്നില്ലെന്നും രാഷ്ട്രീയ നേതാവെന്ന നിലയ്ക്ക് അദ്ദേഹത്തെ ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും പറഞ്ഞത് ആര്യാടന്റെ മതേതരത്വ നിലപാടിന്റെ സത്യസന്ധതയായിരുന്നു. 1952ല്‍ രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തിയാണു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പ്രസംഗം 1945ല്‍ കേട്ടത് മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ആര്യാടന്റെ മനസ്സിലും മുന്നിലുള്ള വഴിയിലും പ്രകാശമായി.
ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് 34 വര്‍ഷം നിലമ്പൂരിന്റെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അടയാളമായി. എട്ടു തവണ എംഎല്‍എ, നാല്തവണ മന്ത്രി. ദക്ഷിണ മലബാറില്‍ കോണ്‍ഗ്രസിന്റെ മറുപേര് എന്നിങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ ജനമനസുകളില്‍ നിറഞ്ഞു നിന്നു. പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം തേടിവരുന്ന സാധാരണക്കാര്‍ക്ക് അത്താണിയായിരുന്നു നിലമ്പൂരിലെ ‘ആര്യാടന് ഹൗസ്’. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ മനസ്സോടെ അദ്ദേഹം ഇടപെട്ടു.
കര്‍ഷകത്തൊഴിലാളി പെന്ഷന് പദ്ധതി, തൊഴിലാളികള്‍ക്ക് അനുകൂലമായ തൊഴില്‍നിയമ ഭേദഗതി, തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കല്‍, ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടലുകള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. ട്രേഡ് യൂണിയന് രംഗത്ത് ഇടതുസംഘടനകളുടെ താന്‍പോരിമയ്ക്ക് കോണ്‍ഗ്രസ് കണ്ടെത്തിയ മറുപടിയായിരുന്നു ‘ആര്യാടന്’. കുഞ്ഞാലി വധക്കേസില്‍ ഒന്നാം പ്രതിയായി ഒമ്പത് മാസം ജയില്‍വാസം അനുഭവിച്ച ശേഷം തെളിവില്ലെന്നു കണ്ടു കോടതി വിട്ടയക്കുകയായിരുന്നു. ഇതേ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിലമ്പൂരില്‍ നിന്നു ജയിച്ച് നായനാര്‍ മന്ത്രിസഭയില്‍ 1980 ൽഅംഗമായി എന്നത് രാഷ്ട്രീയ കൗതുകവും. ജീവിതാവസാനം വരെ കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു ആര്യാടന് മുഹമ്മദ്. എ ഗ്രൂപ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്കു വന്നപ്പോഴൊക്കെ മന്ത്രിസഭയില്‍ ആര്യാടനും ഇടം ലഭിച്ചു. അടിസ്ഥാന ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടു സ്വീകരിച്ചുമാണ് ആര്യാടന് മുഹമ്മദ് രാഷ്ട്രീയത്തില്‍ നിന്നും ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നും വിരാമമിട്ട് മുക്കട്ട വലിയ ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ അന്തിയുറങ്ങുന്നത്. സായാഹ്നം പത്രത്തിന്റെ ആദരാഞ്ജലികള്‍. ജയ്ഹിന്ദ്.