ഒരു പിതാവിനും പുത്രിക്കും ഇത്തരം ദുര അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ

പ്രിയമുള്ളവരെ
കെഎസ്ആർടിസി ബസുകളിൽ മകൾക്ക് കൺസഷൻ ലഭിക്കുന്നതിനുവേണ്ടി മകളെ കൂട്ടി കെഎസ്ആർടിസി ഡിപ്പോയിൽ പോയ അച്ഛനും മകൾക്കുമുണ്ടായ ദുര അനുഭവങ്ങളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മഹാഭൂരിപക്ഷം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതും തിരിച്ച് വീട്ടിലേക്ക് വരുന്നതും. ഇവർക്കെല്ലാം അവർ പഠിച്ചുകൊണ്ടിരിക്കുന്ന സർക്കാർ /സർക്കാർ എയിഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നൽകുന്ന ഒരു അധ്യായന വർഷത്തേക്കുള്ള കാർഡുകളോ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികളുടെ അപേക്ഷ പരിഗണിച്ച് ആർടിഒ മാർ നൽകുന്ന ഒരു അധ്യയന വർഷത്തേക്കുള്ള കാർഡു കളുമായി ആണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യയാത്ര അനുവദിച്ചിട്ടുമുണ്ട്. ബാക്കി എല്ലാ വിദ്യാർഥികൾക്കും പത്തുരൂപ ടിക്കറ്റിന് ഒരു രൂപ മാത്രംയാത്ര വേളയിൽ തന്നെ നൽകി സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ മുഴുവൻ ബസ്സുകളിലും യാത്ര ചെയ്യാം എന്നിരിക്കെ l കെഎസ്ആർടിസി ബസുകളിൽ കയറേണ്ടിവരുന്ന വിദ്യാർഥികൾ മാത്രം മൂന്നുമാസത്തേക്ക് മുൻകൂർ പണമടച്ച് ഓരോ മൂന്നുമാസം കൂടുമ്പോഴും കെഎസ്ആർടിസി ഡിപ്പോയിൽ പോയി അവിടത്തെ ജീവനക്കാരുടെ കാലുപിടിച്ച് കൺസഷൻ കാർഡുകൾ കൈവശപ്പെടുത്തണം എന്നത് ഏതു സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് ചോദ്യം ചെയ്യാനും അത്തരത്തിലൊരു സർക്കാർ ഉത്തരവു നിലനിൽക്കുന്നുണ്ടെങ്കിൽ ആയതു മാറ്റി സ്വകാര്യബസുകളുടെതുപോലെ അപ്പോൾ പണം കൊടുത്തു യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി തരണമെന്ന് * ഒരു വിദ്യാർത്ഥി സംഘടന* നേതാക്കളും ആവശ്യപ്പെടാത്തതിന്റെ കാരണം എന്താണെന്നും ഒരു മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുന്നില്ല. കെഎസ്ആർടിസിക്ക് മാസംതോറും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങൾ സർക്കാർ വാരിക്കോരി കൊടുത്തിട്ടും എന്തുകൊണ്ട് വിദ്യാർഥികൾക്ക് മാത്രം കൺസഷൻ നൽകാൻ കെഎസ്ആർടിസി ജീവനക്കാർ തയ്യാറാവാത്തത് എന്നും കേരള സമൂഹം ചർച്ചചെയ്യപ്പെടേണ്ടത് അല്ലേ. ഫാസ്റ്റ് പാസഞ്ചർ എന്നും സൂപ്പർഫാസ്റ്റ് എന്നും എക്സ്പ്രസ്സ് എന്നും ടൗൺ ടു ടൗൺ എന്നും ചെയിൻ സർവീസ് എന്നും മറ്റു പല ഓമനപേരുകളും ഇട്ട് യാത്രക്കാരെ കൊള്ളയടിക്കുന്ന കെഎസ്ആർടിസി മേൽ പറഞ്ഞ ഒരു ബസിലും വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കുന്നില്ല. ഏതാനും ചില ഓർഡിനറി ബസ്സുകളിൽ മാത്രം മാത്രം കൺസഷൻ അനുവദിക്കുന്നതിന്റെ പേരിൽ സൗജന്യ യാത്രയുടെ കാര്യം മാത്രം പറഞ്ഞുകൊണ്ട് കഴിഞ്ഞ അഞ്ചു വർഷത്തേക്കും ഇപ്പോഴിതാ അടുത്ത അഞ്ചു വർഷ ത്തേക്കും വാഹന നികുതി അടയ്ക്കുന്നതിൽ നിന്നും പരിപൂർണമായും കെഎസ്ആർടിസിയെ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. പേരിനു ഒരു സ്വകാര്യ ബസ്സ് സർവീസ് നടത്തുന്ന റൂട്ട് ആണെങ്കിൽ ആ കാരണം പറഞ്ഞു കൊണ്ട് മാത്രം കെഎസ്ആർടിസി ബസുകൾ വിദ്യാർഥികളുടെ സൗജന്യ യാത്ര നിഷേധിക്കുന്നു. മാത്രവുമല്ല ഡെപ്പോകളിൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന കാർഡുകളുടെ എണ്ണം പോലും ഡിപ്പോ അധികാരികൾ നിയന്ത്രിക്കുന്നു.ഇത്തരം നടപടികൾ ഉണ്ടാകുമ്പോൾ വിദ്യാർത്ഥി കൺസഷൻ തങ്ങൾ പൊരുതി നേടിയതാണ് എന്ന് ഊറ്റംകൊള്ളുന്ന വിദ്യാർഥി സംഘടനാ നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ല. ഇക്കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാതെ പോകുന്നത് തികച്ചും ഇത്തരം വിഷയങ്ങൾ ആവർത്തിക്കുന്നതിന് ഇടവരും എന്ന കാര്യം മാധ്യമപ്രവർത്തകരെ ഓർമിപ്പിക്കുന്നു. പ്രവർത്തന ചിലവിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ പേരിൽ യാത്രാനിരക്ക് വർദ്ധനവിന് വേണ്ടി സ്വകാര്യ ബസ് ഉടമകൾ മുറവിളി കൂട്ടുമ്പോൾ അതിനെതിരെ മാത്രം വായ തുറക്കുന്ന ചില സ്ഥിരം സാമൂഹ്യപ്രവർത്തകരും ഇക്കാര്യത്തിൽ ശബ്ദമുയർത്തുന്നില്ല.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലെ സ്വകാര്യ ബസുകൾ അനുവദിക്കുന്ന തരത്തിലുള്ള കൺസഷൻ സമ്പ്രദായം നിലവിലില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും ഒന്നിച്ചു സർവീസ് നടത്തുന്ന റൂട്ടുകളിൽ അച്ഛനും അമ്മയും കെഎസ്ആർടിസി ബസുകളിലും മക്കൾ സ്വകാര്യ ബസ്സുകളിലും കയറുന്ന കാഴ്ചകൾ നിത്യേന നമ്മുടെ നാട്ടിലെ ബസ് സ്റ്റോപ്പുകളിൽ കാണാവുന്നതാണ്. ആയതുകൊണ്ട് വിദ്യാർഥികളുടെ യാത്രാ സമ്പ്രദായത്തിൽ കാലോചിതമായ പരിഷ്കാരങ്ങളും കാലഘട്ടത്തിനനുസരിച്ച് ഉള്ള യാത്രാനിരക്ക് വർധനവും അനിവാര്യമായതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു.
എന്ന്
ടി .ഗോപിനാഥൻ
ജനറൽ സെക്രട്ടറി.