ജില്ലയിൽ “ഓപ്പറേഷൻ സരൾരാസ്ത”: നാല്‌ റോഡുകളിൽ കുണ്ടുംകുഴിയും.

പാലക്കാട് : ‘ഓപ്പറേഷൻ സരൾരാസ്ത’യുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പാലക്കാട്ട് നാലുറോഡുകളിൽ നടത്തിയ പരിശോധനയിൽ നാലിലും കുണ്ടുംകുഴിയും വിള്ളലുകളും കണ്ടെത്തി. അറ്റകുറ്റപ്പണികഴിഞ്ഞ് നിശ്ചിതകാലാവധി പൂർത്തിയാകുംമുമ്പുതന്നെ റോഡിൽ വിള്ളലുകളും കുഴികളും നിറഞ്ഞതായാണ് കണ്ടെത്തൽ.
മാട്ടുമന്ത-അവിഞ്ഞിപ്പാടം-ശേഖരീപുരം എ.യു.പി. സ്കൂൾ റോഡ്, പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ്, പട്ടാമ്പി-കുളപ്പുള്ളി റോഡ്, കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ എരകുളം-കോതപുരം റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആറുമാസത്തിനിടെ അറ്റകുറ്റപ്പണി നടത്തിയ റോഡുകളിലെ പ്രശ്നങ്ങൾ കണ്ടെത്താനാണ് പരിശോധന നടത്തിയത്. സംഭവത്തിൽ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.
സാമ്പിൾ പരിശോധനയിൽ അപാകംകാണുകയാണെങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാട്ടുമന്ത-അവിഞ്ഞിപ്പാടം-ശേഖരീപുരം എ.യു.പി. സ്കൂൾ റോഡിൽ അറ്റകുറ്റപ്പണികഴിഞ്ഞ് ഒട്ടേറെ കുഴികൾ രൂപപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തി. വിള്ളലുകളും കേടുപാടും കണ്ടെത്തി. പത്ത് സാമ്പിളുകൾ ശേഖരിച്ച് ഗുണമേന്മാപരിശോധനയ്ക്കയച്ചു. പാലക്കാട് നഗരസഭയുടെ കീഴിലാണ് റോഡ്.
പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ക്വാളിറ്റി കൺട്രോൾ ഓഫീസിൽ പരിശോധനയ്ക്കയച്ചു. എരകുളം-കോതപുരം റോഡിൽ 1,355 മീറ്റർ ഭാഗത്ത് റീ-ടാറിങ്ങും റോഡ് വീതികൂട്ടലുമാണ് നടത്തിയത്. റോഡിൽ ഭാഗികമായ കേടുപാട്‌ കണ്ടെത്തി. കുഴികളുമുണ്ട്.
റീ-ടാർ ചെയ്തതിൽ 232 മീറ്റർമുതൽ 1,030 മീറ്റർ വരെയുള്ള പരിധിയിലാണ് കേടുപാടുള്ളത്. രണ്ടിടങ്ങളിൽനിന്ന് സാംപിൾ ശേഖരിച്ച് ഗുണമേന്മാ പരിശോധനയ്ക്ക് അയച്ചു. പരിശോധനയ്ക്ക് വിജിലൻസ് ഡിവൈ.എസ്.പി. എം. ഗംഗാധരൻ, ഇൻസ്പെക്ടർമാരായ ബോബിൻമാത്യു, ഡി. ഗിരിലാൽ എന്നിവർ നേതൃത്വംനൽകി.

ഓഗസ്റ്റ് 17-നും ഓപ്പറേഷൻ സരൾരാസ്തയുടെ ഭാഗമായി പരിശോധന നടത്തിയിരുന്നു. അന്ന് മൂന്നുറോഡുകളിലാണ് അപാകം കണ്ടെത്തിയത്. വേലന്താവളം-കുപ്പാണ്ട കൗണ്ടനൂർ റോഡ്, മേനോൻപാറ-ഒഴലപ്പതി റോഡ്, എലപ്പുള്ളി മണിയഞ്ചേരി-കാരങ്കോട് റോഡ് എന്നിവിടങ്ങളിലാണ് അപാകം കണ്ടെത്തിയത്. റോഡിൽ വേണ്ട അളവിനേക്കാൾ കുറവ് ടാറേ ഉപയോഗിച്ചിട്ടുള്ളൂവെന്നും അന്ന് കണ്ടെത്തിയിരുന്നു.