വാണിയംകുളം : നിർമാണം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും തൃക്കങ്ങോട്-ചോറോട്ടൂർ പാത തകർന്നുതന്നെ. പാതയുടെ പകുതി പണിപോലും ഇനിയും പൂർത്തിയായിട്ടില്ല.
രണ്ടിടങ്ങളിൽ കലുങ്കുനിർമാണം നടക്കുന്നതും വശങ്ങൾ വീതികൂട്ടാനുള്ള മണ്ണിടലുമൊഴിച്ചാൽ പാതയിപ്പോഴും പഴയപടിയാണ്.
നിർമാണം ഇഴയുന്നതിനാൽ പൊടിയും ചെളിയും സഹിച്ച് യാത്രചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ.
നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി മുൻ എം.എൽ.എ. പി.കെ. ശശിയാണ് പാതയുടെ നിർമാണോദ്ഘാടനം നടത്തിയത്. 2020-21 വർഷത്തെ എസ്.എൽ.ടി.എഫ്. ഫണ്ടിൽനിന്ന് അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപയുടേതായിരുന്നു പദ്ധതി.
എല്ലാ സാങ്കേതികനടപടികളും പൂർത്തിയാക്കി അറ്റകുറ്റപ്പണി ആരംഭിക്കാനിരുന്നതായിരുന്നു. എന്നാൽ ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തികൾക്കായി, പാത വിട്ടുകൊടുത്തതോടെ നിർമാണം ആരംഭിക്കാൻ വൈകി.
പൈപ്പ് സ്ഥാപിക്കാനായി ഒരുമാസത്തെ കാലാവധിയാണ് പി.ഡബ്ല്യൂ.ഡി., ജല അതോറിറ്റി പ്രോജക്ട് വിഭാഗത്തിന് നൽകിയിരുന്നതെങ്കിലും രണ്ടുവർഷം കഴിഞ്ഞിട്ടും പാത തിരിച്ചേൽപ്പിച്ചില്ലെന്ന പരാതിയും പി.ഡബ്ല്യൂ.ഡി.ക്കുണ്ടായിരുന്നു. ഇപ്പോൾ നിർമാണപ്രവൃത്തികൾ ആരംഭിച്ചെങ്കിലും പാതയുടെ അവസ്ഥയിൽ ഒരു മാറ്റവുമില്ല.
വാണിയംകുളം പഞ്ചായത്തിലെ രണ്ട് പാതകളാണ് ഈ രീതിയിൽ ജല അതോറിറ്റിയുടെ പ്രവൃത്തികൾക്കായി നൽകിയിരുന്നത്. വാണിയംകുളം-മാന്നനൂർ റെയിൽവേസ്റ്റേഷൻ പാതയിലും സമാന പ്രശ്നമുണ്ട്. തൃക്കങ്ങോട്-ചോറോട്ടൂർ പാതയിലെ കലുങ്ക് ഉൾപ്പെടെയുള്ള കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായാൽ റോഡുപണി വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു.