വേതന കുടിശ്ശിക: ഖാദി തൊഴിലാളികൾ പ്രതിഷേധയോഗം ചേർന്നു.

പുഞ്ചപ്പാടം: പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ 2 വർഷത്തെ ആനുകൂല്യങ്ങളും, കഴിഞ്ഞ 4 മാസത്തെ വേതനവും ലഭിച്ചിട്ടില്ല.ഇ.എസ്.ഐ., ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പാലക്കാട് സർവ്വോദയ സംഘം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിനൊക്കെ കാരണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ ശ്രീകൃഷ്ണപുരം മേഖലാ പ്രതിഷേധയോഗം കുറ്റപ്പെടുത്തി.സംഘം ഭരണ സമിതി രാജി വെച്ച്, ഭരണം ഖാദിഗ്രാമ വ്യവസായക്കമ്മീഷനെ ഏല്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ നേടിയെടുക്കാൻ ആഗസ്റ്റ് 24 മുതൽ പ്രത്യക്ഷ സമരപരിപാടികൾ പാലക്കാട് സർവ്വോദയ സംഘത്തിൻ്റെ വിവിധ ശാഖകളിൽ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ യോഗം ഉദ്ഘാടനംചെയ്തുകൊണ്ടു് പറഞ്ഞു. മേഖലാ പ്രസിഡണ്ട് ആർ.ഗീത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.മോനിഷ, ടി. ബിന്ദു, പി.ഉഷ, കെ.പ്രസന്ന, പി.സരസ്വതി എന്നിവർ പ്രസംഗിച്ചു.