മൂന്നുമാസമായി മാലിന്യം ശേഖരിച്ചില്ല : മാലിന്യച്ചാക്കുമായി കൗൺസിൽ ഹാളിലെത്തി കൗൺസിലറുടെ പ്രതിഷേധം

ഒറ്റപ്പാലം : നഗരസഭാ കൗൺസിൽ ഹാളിൽ മാലിന്യച്ചാക്കുമായെത്തി കൗൺസിലറുടെ പ്രതിഷേധം. പനമണ്ണ വട്ടനാൽ വാർഡിലെ ബി.ജെ.പി. കൗൺസിലർ സി. സജിത്താണ് കൗൺസിൽ യോഗത്തിലേക്ക് മാലിന്യച്ചാക്കുമായെത്തി പ്രതിഷേധിച്ചത്. മൂന്ന് മാസത്തോളമായി ഹരിത കർമസേന വാർഡുകളിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു കൗൺസിലറുടെ പ്രതിഷേധം. ഉടൻ യോഗം ചേർന്ന് പ്രശ്‌നം പരിഹരിക്കാമെന്ന് നഗരസഭാധ്യക്ഷ കെ. ജാനകിദേവി അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടിക അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം നഗരസഭയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് പ്രതിഷേധം നടന്നത്. കൗൺസിലിൽ അജൻഡ വായിക്കാനൊരുങ്ങവെ മാലിന്യം നിറച്ച ചാക്കുമായി സജിത്ത് കൗൺസിൽ ഹാളിലേക്ക് കയറിവരികയായിരുന്നു. തുടർന്ന് നടുത്തളത്തിൽ ചാക്കിട്ട് പ്രതിഷേധിച്ചു. പനമണ്ണ വട്ടനാൽ വാർഡിൽ നിന്ന് മാത്രം ഹരിതകർമസേന മാലിന്യം ശേഖരിക്കുന്നില്ല.

ഹരിതകർമസേനയ്ക്ക് നൽകാനായി മൂന്നുമാസത്തെ മാലിന്യം വീടുകളിൽ ശേഖരിച്ച് വെച്ചിരിക്കുകയാണെന്നും ഇത് സംസ്‌കരിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണെന്നും കൗൺസിലർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് മറ്റ് ബി.ജെ.പി. കൗൺസിലർമാരും നടുത്തളത്തിൽ പ്രതിഷേധവുമായിറങ്ങി.

ഇതോടെ ഉടൻ യോഗം ചേർന്ന് മാലിന്യം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് നഗരസഭാധ്യക്ഷ കെ. ജാനകിദേവി, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവർ അറിയിക്കുകയായിരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും ഹരിതകർമ സേനാംഗങ്ങളെ വാർഡുകൾ മാറ്റിനിയോഗിക്കാനുള്ള നടപടികളും ചർച്ചചെയ്ത് സ്വീകരിക്കണമെന്നും ഭരണസമിതി കൗൺസിലിൽ അറിയിച്ചു.

കഴിഞ്ഞ നാല് മാസത്തോളമായി ഹരിതകർമസേനയുടെ പ്രവർത്തനത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഇരുപക്ഷങ്ങളും തമ്മിൽ ബഹളം പതിവാണ്.