ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നും ഒട്ടൻഛത്രത്തിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള തമിഴ്നാട് നീക്കത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.പി.സജീന്ദ്രൻ. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ – കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതപ്പുഴ നദീതടത്തിൻ്റെ ഭാഗമായുള്ള ആളിയാറിൽ നിന്നുകാവേരി നദീതടത്തിലുള്ള ഒട്ടൻ ഛത്രത്തിലേക്ക് ജലം കൈമാറ്റം ചെയ്യുന്നത് സുപ്രീം കോടതി വിധിക്കെതിരാണ്. പറമ്പിക്കുളം- ആളിയാർ പദ്ധതി കരാർ പുതുക്കാത്തത്തിൽ വാതോരാതെ സംസാരിച്ചിരുന്ന കെ.കൃഷ്ണൻകുട്ടി.
ഈ വിഷയത്തിൽ നുണ പ്രചാരണം നടത്തുകയാണ്. പ്രളയജലമാണ് തമിഴ്നാട് ഒട്ടൻഛത്രത്തിലേക്ക് കടത്തുന്നതെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. കുടിവെള്ളമെന്നത് നിത്യേന വിതരണം ചെയ്യേണ്ടതും പ്രളയജലം വർഷത്തിൽ 60 ദിവസത്തിൽ താഴെ മാത്രം ലഭ്യമാകുന്നതുമാണ്. മന്ത്രിയുടെ ഈ വഞ്ചനാ നിലപാട് തമിഴ്നാട് മുതലെടുക്കും.
ചിറ്റൂർ താലൂക്കിനെ പ്രത്യേകിച്ചും പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ പൊതുവെയും മരുഭൂമിയാക്കുന്ന പദ്ധതി ഉപേക്ഷിക്കുവാൻ കേരള സർക്കാർ തമിഴ്നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.അല്ലാത്ത പക്ഷം ഒട്ടൻഛത്രം പദ്ധതി നിർത്തിവെക്കുന്നതുവരെ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വി.പി.സജീന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡൻ്റ് കെ. രാജമാണിക്യം അധ്യക്ഷനായി. മുൻ എം.എൽ.എ.മാരായ കെ.അച്യുതൻ, കെ.എ.ചന്ദ്രൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, സെക്രട്ടറിമാരായ കെ.എസ്. തണികാചലം, കെ.സി. പ്രീത്, കോൺഗ്രസ് കോയമ്പത്തൂർ ഡി.സി.സി.സെക്രട്ടറി എം. അൻസാർ, ചിറ്റൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ.സദാനന്ദൻ, കെ. ഗോപാലസ്വാമി കൗണ്ടർ, കെ.മധു, പി.ബാലചന്ദ്രൻ, ആർ. പങ്കജാക്ഷൻ. കെ. മോഹനൻ, രതീഷ് പുതുശ്ശേരി, ഷഫീക്ക് അത്തിക്കോട് എന്നിവർ സംസാരിച്ചു.