പാലക്കാട്: ചിറ്റില്ലഞ്ചേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകയായ സൂര്യപ്രിയയെ കൊലപ്പെടുത്തിയത് വീട്ടിൽ ആരും ഇല്ലാത്തപ്പോൾ.
മുത്തച്ഛനും, അമ്മയും വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയാണ് പ്രതി അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് സൂര്യപ്രിയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു 24കാരി വീട്ടിനുള്ളിൽ കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നാലെ സൂര്യപ്രിയയുടെ ഫോണുമായി സജീഷ് പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് കീഴടങ്ങുകയായിരുന്നു. തുടർന്ന് പോലീസുകാർ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ കൊലപാതക വിവരം അറിയുന്നത്.
വീട്ടിലെത്തിയ സമയത്ത് സൂര്യപ്രിയയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും, ഗീതയുടെ സഹോദരൻ രാധാകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നില്ല.
അമ്മയും രാധാകൃഷ്ണനും ജോലിക്കും മുത്തച്ഛൻ പുറത്തേക്കും പോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയതും കൃത്യം നടത്തിയതും. മരണം ഉറപ്പിച്ചശേഷമായിരുന്നു ഫോണുമായി സ്റ്റേഷനിലേക്ക് പോകുന്നത്. സുജീഷും സൂര്യപ്രിയയും ഏറെക്കാലമായ സൗഹൃദത്തിലായിരുന്നുവെന്നും അതിലുണ്ടായ അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. റൂമിനകത്താണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവും കൊന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു കൊല്ലപ്പെട്ട സൂര്യ. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായും പ്രവർത്തിക്കുന്നുണ്ട്. ആലത്തൂര്‍ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.