നെന്മാറ : ഭക്ഷ്യധാന്യമായ നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഹെക്ടറിന് 25,000. രൂപ കൃഷി ആനുകൂല്യം എന്ന നിലയ്ക്ക് നൽകാൻ ഉത്തരവായിട്ടുണ്ടെങ്കിലും കർഷകർക്ക് കഴിഞ്ഞവർഷം നിജപ്പെടുത്തിയ തുകയായ 17,000 രൂപയുടെ നാലിൽ ഒന്നു പോലും ലഭിക്കുന്നില്ലെന്ന് അയിലൂരിലെ വിവിധ കർഷകസമിതി ഭാരവാഹികൾ പരാതിപ്പെടുന്നു. 29 നെല്ലുൽപാദക സമിതികളിലായി 650 ഹെക്ടർ നെൽകൃഷി ചെയ്യുന്ന അയിലൂർ പഞ്ചായത്തിൽ നെൽ ഉൽപാദന മേഖലയുടെ പദ്ധതിവിഹിതം വർഷംതോറും കുറയ്ക്കുന്നതായാണ് പരാതി. ഇതിനായി നെൽ ഉൽപാദന ഭൂവിസ്തൃതി 282 ഹെക്ടറായി ചുരുക്കി വാർഷിക പദ്ധതി വിഹിതം തയ്യാറാക്കുന്നതിനാലാണ് 650 ഹെക്ടർ നെൽ കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം 282 ഹെക്ടർ നെൽ കൃഷിയുടെ വിഹിതം വീതിച്ചു നൽകുന്നതിനാലാണ് തുക കുറഞ്ഞു പോകുന്നതെന്ന് പരാതി. പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ നെൽകൃഷി മേഖല കുറച്ചു കാണിക്കുന്നതിനാൽ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും വിഹിതങ്ങളും കുറഞ്ഞു വരുന്നത് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ കുറവ് ഉണ്ടാക്കുന്നതായി സംയുക്ത പാടശേഖര സമിതി പ്രസിഡന്റ്. എൻ. പ്രഭാകരനും സെക്രട്ടറി കെ. നാരായണനും പറഞ്ഞു. സമീപ പഞ്ചായത്തുകളായ മേലാർകോട്, വണ്ടാഴി, നെന്മാറ പഞ്ചായത്തുകളിലും കർഷകർക്ക് ഉയർന്ന നിരക്കിൽ ആനുകൂല്യം ലഭിക്കുമ്പോൾ അയിലൂർ പഞ്ചായത്തിൽ നെൽ കർഷകർക്കായുള്ള സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണ് വെട്ടി വെട്ടിക്കുറയ്ക്കുന്നത്. കാട്ടുപന്നി, ആന, മാൻ, മയിൽ തുടങ്ങി കാലാവസ്ഥ ദുരന്തങ്ങൾ വരെ മറികടന്ന് ഭക്ഷ്യധാന്യം ഉല്പാദിപ്പിക്കുന്ന കർഷകരെ അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അയിലൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ നെല്ലു ഉൽപാദകർക്ക് ആനുകൂല്യം വർധിപ്പിക്കുമ്പോൾ പഞ്ചായത്ത് അധികൃതർ വർഷംതോറും ആനുകൂല്യം കുറയ്ക്കുന്നത്. പഞ്ചായത്തിന് സർക്കാർ നൽകുന്ന വികസന ഫണ്ടിന്റെ 40% ഉത്പാദന മേഖലയ്ക്ക് മാറ്റിവയ്ക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പാലിക്കുന്നില്ലെന്നും പഞ്ചായത്ത് മുൻവർഷങ്ങളിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ചിന് മുമ്പ് തന്നെ 100 ശതമാനം വിനിയോഗം പൂർത്തീകരിക്കാനാകാത്തതിനാലാണ് ആസൂത്രണ ബോർഡ് പഞ്ചായത്തിന്റെ പദ്ധതിവിഹിതം വെട്ടിച്ചുരുക്കുന്നതെന്നും ആരോപണമുയരുന്നു. സർക്കാർ ഭക്ഷ്യധാന്യം വർധിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുമ്പോൾ പഞ്ചായത്ത് നിരുത്സാഹപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുകയാണെന്നും കർഷകരെ അവഗണിക്കുന്ന നയം തുടർന്നാൽ കാർഷിക പദ്ധതികൾ കർഷകർ ബഹിഷ്കരിക്കേണ്ടി വരുമെന്നും സംയുക്ത പാടശേഖര ഭാരവാഹികൾ പറയുന്നു.