ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ

ഒറ്റപ്പാലം:  അമ്പലപ്പാറ തൗഫീഖ് പടിയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്ത നിലയിൽ.  ഇന്നലെ പുലർച്ചയാണ് സംഭവം.പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടർന്ന് തൗഫീഖ് പടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.  സബ് കലക്ടർ വിഷയത്തിൽ ഇടപെടുകയും പ്രദേശത്ത സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായി എം.എൽ.എ യുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിച്ചിരുന്നു.നീരൊഴുക്ക് തടസ്സപ്പെടുത്തിയ വ്യക്തികൾ യോഗം ബഹിഷ്കരിച്ചതിനെ തുടർന്ന് പ്രശ്നപരിഹാരത്തിന് തീരുമാനമായില്ല.

തൽക്കാലം റോഡ് ക്വാറി വേസ്റ്റിട്ട്  ഉയർത്തുകയും, നീരൊഴുക്ക് തടസ്സപ്പെടുത്തിയ വ്യക്തികളുടെ സ്ഥലത്തിലൂടെ താൽക്കാലികമായി കെട്ടിനിൽകുന്ന വെള്ളം ഒഴുക്കുന്ന നടപടിയും സ്വീകരിച്ചു. സബ് കലക്ടർ പരാതിയിൽ തീർപ്പ് കൽപ്പിക്കാനിരിക്കെ  നിയമ സംവിധാനങ്ങളെ  വെല്ലുവിളിച്ച രീതിയിലാണ്  അനുമതിയില്ലാതെ പൊതു മരാമത്ത് വകുപ്പ് സ്ഥലത്ത് ചാൽകീറുകയും, ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർത്തതും.

 കഴിഞ്ഞ ദിവസം രാത്രിയിൽ ഫൈസൽ പടിപ്പുരക്കൽ എന്നയാളുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് നീരൊഴുക്ക് ഗതി മാറ്റി സമീപത്തെ പള്ളിപ്പടി പയ്യപാടം പഞ്ചായത്ത് റോഡിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമത്തിലാണ് പൈപ്പ് ലൈൻ തകർത്തതെന്ന് നാട്ടുകാർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ ഒറ്റപ്പാലം ജല അതോറിറ്റിയും, അമ്പലപ്പാറ ഗ്രാമപഞ്ചായത്തും  പൊലിസിൽ പരാതി നൽകി.